നീരൊഴുക്കു കുറഞ്ഞു; അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു

ഇടുക്കി: മഴ ദുര്‍ബലമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇന്ന് രാവിലെ 2400.72 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 200 ക്യുമെക്സ് (2,00,000 ലിറ്റര്‍) വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് വിടുന്നത്.
ചെറുതോണി അണക്കെട്ടിന്റെ ഉയര്‍ത്തിവച്ചിരിക്കുന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ ഇപ്പോള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. 116 ക്യുമെക്സ് വെള്ളമാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നത്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. 13 ഷട്ടറുകളും പൂര്‍ണമായി അടച്ചിരിക്കുകയാണ്. 2,207 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാര്‍ ജലം എത്തുന്ന വൈഗ അണക്കെട്ട് പൂര്‍ണ സംഭരണശേഷിയില്‍ എത്തിയതോടെ തുറന്നുവിട്ടിരുന്നു.

