KOYILANDY DIARY.COM

The Perfect News Portal

തൃശൂരിലെ 66 അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്‌ പ്രവര്‍ത്തനം തുടരുന്ന തൃശൂരിലെ 66 അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. അനാഥ ബാല്യങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 31നകം ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്തതാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്കെത്തിച്ചത്. ജില്ലയില്‍ ആകെ 154 അനാഥാലയങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ 88 സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ ജെജെ ആക്ടനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ തയാറായത്.

ജെജെ ആക്റ്റില്‍ കുട്ടികളുടെ എണ്ണത്തിനനുസൃതമായി സ്റ്റാഫ് പാറ്റേണ്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ അനാഥാലയങ്ങള്‍ നടത്താനുള്ള ഫണ്ട് ലഭ്യമാകുകയുള്ളൂ. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണ് സംസ്ഥാനത്തെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജെജെ ആക്ടനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് പ്രസക്തി നഷ്ടപ്പെടുമെന്നതാണ് സ്ഥാപന മേധാവികള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ആശങ്കയോടെ സമീപിക്കാന്‍ കാരണം.

അടച്ചുപൂട്ടേണ്ടിവരുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ സമിതി എന്നിവയ്ക്ക് കുട്ടികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisements

കുട്ടികളുടെ പഠനത്തിന് തടസമാകാത്ത വിധത്തില്‍ പുനരധിവസിപ്പിക്കണമെന്നും പറയുന്നു. സാമ്ബത്തിക ബുദ്ധിമുട്ടു മൂലം അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കുള്ള പ്രതിമാസം രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നടപടിക്കെതിരെ ചില സംഘടനകളും സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ നീളുന്നത് അനാഥ കുട്ടികളുടെ സംരക്ഷണത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.അനാഥാലയങ്ങളുടെ മറവില്‍ വലിയ തോതിലുള്ള സാമ്ബത്തിക ചൂഷണവും തട്ടിപ്പുമാണ് നക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് കേന്ദ്രത്തിനു ലഭിച്ചിരുന്നത്.

അതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടികളെന്നറിയുന്നു. പല അനാഥാലയങ്ങളിലും കുട്ടികളെ നാനാവിധ ചൂഷണത്തിനു വിനിയോഗിച്ചിരുന്നു. അതടക്കം തടയുന്നതിനുള്ള നടപടികള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

Share news

Leave a Reply

Your email address will not be published. Required fields are marked *