KOYILANDY DIARY

The Perfect News Portal

മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളിയുടേതെന്ന് സ്ഥിരീകരണം

അജ്മാന്‍:  അജ്മാനിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളിയുടേതെന്ന് സ്ഥിരീകരണം. ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് അജ്മാന്‍ അല്‍ തല്ലഹ് മരുഭൂമിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ മൃതദേഹം ഒന്നര മാസം മുന്‍പ് കാണാതായ കണ്ണൂര്‍ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദി (33)ന്റേതാണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ മൃതദേഹം ഷാര്‍ജ മസ്ജിദ് സഹാബ ഖബര്‍ സ്ഥാനില്‍ വ്യാഴാഴ്ച ഖബറടക്കിയെങ്കിലും മരണകാരണം പോലീസ് അന്വേഷിക്കുന്നു.

ഷാര്‍ജ വ്യവസായ മേഖലയായ സജയിലെ നാട്ടുകാരന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുന്‍പാണ് കാണാതായത്. തുടര്‍ന്ന് കടയുടമയും സഹോദരനും ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. അതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് അല്‍ തല്ല മരുഭൂമിയില്‍ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പോലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്‌സ് ഐഡി ആയിരുന്നു. അതുകൊണ്ടുതന്നെ മരിച്ചത് അയാള്‍ ആണെന്നാണ് പോലീസ് അറിയിച്ചത്.

എന്നാല്‍, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്‌സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാന്‍ വേണ്ടി മറ്റു ജീവനക്കാര്‍ റാഷിദിന്റെ പോക്കറ്റില്‍ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്‌സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്.

Advertisements

ഇക്കാര്യം പോലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ സഹോദരനെയും സാമൂഹിക പ്രവര്‍ത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസല്‍ പറഞ്ഞു.

അതേസമയം കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയില്‍ കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇത്രയും കാലം റാഷിദ് എവിടെയായിരുന്നു എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒന്‍പതുമണിക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്.

അവിവാഹിതനായ റാഷിദിന് ബന്ധുക്കള്‍ നാട്ടില്‍ വിവാഹ ആലോചനകള്‍ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. അജ്മാനില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ദാവൂദ് റാഷിദിന് പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്നും പറയുന്നു.

മരുഭൂമിയില്‍ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാള്‍ മുന്‍പ് വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്‌സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് ചെറിയൊരു പാര്‍ടി നല്‍കിയിരുന്നുവെന്നും അതേ തുടര്‍ന്നാണ് നൗഫലിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതെന്നും അതില്‍ വ്യക്തമാക്കുന്നു.

റാഷിദിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് സഹപ്രവര്‍ത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മാതാവ്: സൗദ.

Leave a Reply

Your email address will not be published. Required fields are marked *