വീട്ടില്‍ കയറി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു

കോതമംഗലം: അയിരൂര്‍പ്പാടത്ത് രാത്രിയില്‍ വീട്ടില്‍ കയറി മാലപൊട്ടിക്കാനുള്ള ശ്രമം വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. അയിരൂര്‍പ്പാടം ചെമ്ബക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ് മോഷ്ടാക്കളെ ധീരമായി നേരിട്ടത്.
സാറാമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചുപവന്റെ സ്വര്‍ണമാല കവരാനാണ് ശ്രമിച്ചത്. ശനിയാഴ്ച രാത്രി 9.50ന് ആണ് സംഭവം. സാറാമ്മയും പേരക്കുട്ടിയും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും മകനും പുറത്ത് പോയതായിരുന്നു.

മുറ്റത്ത് ശബ്ദംകേട്ട് സാറാമ്മ വാതില്‍ തുറന്നു. പുറത്തുപോയ ഭര്‍ത്താവോ മകനോ ആണെന്നാണ് കരുതിയത്. വാതില്‍ തുറന്നതോടെ അകത്തേക്ക് കയറിയ രണ്ടു മോഷ്ടാക്കള്‍ സാറാമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സാറാമ്മയെ പിടിച്ചു തള്ളുകയും ചെയ്തു.

എന്നാല്‍, മാലയില്‍ പിടിച്ച മോഷ്ടാവിനെ സാറാമ്മ കടിക്കുകയും ബഹളം കൂട്ടുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ വീടിന്റെ പിന്നിലെ വാതിലിലൂടെ ഓടി. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.

താലൂക്ക് ആശുപത്രിയിലെ ഡോ. സാം പോളിന്റെ അമ്മയാണ് സാറാമ്മ. മോഷ്ടാക്കളെക്കുറിച്ച് സാറാമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്നുദിവസം മുമ്ബ് വടാശ്ശേരിയില്‍ കടയില്‍ കയറി വീട്ടമ്മയുടെ രണ്ടുപവന്റെ മാല പൊട്ടിച്ച് മോഷ്ടാക്കള്‍ കടന്നിരുന്നു.
