രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പൂജാരിയായ ജയരാമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പൂജാരിയുടെ ഭീഷണി സന്ദേശം വന്നത്. തുടര്‍ന്ന് വിളിച്ച നമ്ബര്‍ തിരിച്ചറിഞ്ഞ പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടില്‍ എത്തി. മദ്യ ലഹരിയിലാണ് താന്‍ വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ എന്തിനാണ് ഇയാള്‍ വധഭീഷണി മുഴക്കിയത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. ഭാര്യ സവിതാ കോവിന്ദും രാഷ്ട്രപതിയ്‌ക്കൊപ്പമുണ്ട്. ഏഴാം തിയതി 2.45 ന്റെ പ്രത്യേത വിമാനത്തിലാണ് രാഷ്ട്രപതി കേരളത്തില്‍ നിന്നും മടങ്ങുന്നത്.

