നെടുമ്പാശേരിയിൽ 1.5 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ഷീറ്റുമായി യുവാവ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലപ്പുറം വളാഞ്ചേരി ഇരിമ്പിലയം നീന്ത്രത്തോടിയില് അബ്ദുള്‍ നാസര്‍ (28) ആണ് 1.5 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ഷീറ്റുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. സൗദിയില്‍ നിന്നും നെടുമ്പാശേരിയിലെത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ലഗേജ് പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 51 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണം. പ്രതിയെ കസ്റ്റംസ് സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇയാള്‍ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാകാനാണ് സാധ്യതയെന്നാണ് എയര്‍ കസ്റ്റംസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരില്‍ നിന്നായി മൂന്ന് കോടിയിലേറെ രൂപ വിലവരുന്ന ഏഴര കിലോ സ്വര്‍ണം കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയിരുന്നു.

