KOYILANDY DIARY.COM

The Perfect News Portal

ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ

എലത്തൂർ: എലത്തൂരിലെ ജുമാഅത്ത്‌പള്ളി ഖബർസ്ഥാനിൽ നിന്ന്‌ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച 3 പേരെ പൊലീസ് പിടികൂടി വനപാലകർക്ക് കൈമാറി.  മഹല്ല് മുത്തവല്ലി നാസിദാസ് മൻസിലിൽ മുഹമ്മദ് നിസാർ (64), ബാലുശേരി കണ്ണാടിപ്പൊയിൽ കരിമാൻകണ്ടി മുസ്തഫ (48), ഉണ്ണികുളം വള്ളിയോത്ത് കിഴക്കോട്ടുമ്മൽ അബ്ദുൽ നാസർ (48) എന്നിവരെയാണ്‌ എലത്തൂർ പൊലീസ്‌ പിടികൂടിയത്‌.  രാവിലെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ്  പൊലീസ് സ്ഥലത്തെത്തിയത്.

ഈ സമയം, മുറിച്ചു കഷ്ണങ്ങളാക്കിയ 59 കിലോ ചന്ദന തടിയും   ഉപയോഗിച്ച ആയുധങ്ങളും കടത്തിക്കൊണ്ടു പോവാൻ എത്തിച്ച കാറും ഇവിടെയുണ്ടായിരുന്നു. ഇത്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ്‌ വിവരം അറിയിച്ചതോടെ താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകരെത്തി ഇവരെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ പിന്നീട്‌ താമരശേരി കോടതി റിമാൻഡ് ചെയ്തു. അതേസമയം,  കാട്പിടിച്ചു കിടന്ന ഖബറിസ്ഥാനിലെ മറ്റു മരങ്ങൾ  മുറിച്ചു മാറ്റാനേ മുത്തവല്ലി നിർദേശിച്ചിരുന്നുള്ളു എന്ന് ഇദ്ദേഹവുമായി ബന്ധമുള്ള ചിലർ പറഞ്ഞു. എന്നാൽ മരം കടത്താനെത്തിയ പ്രതികളുടെ മൊഴി പ്രകാരമാണ്  മുഹമ്മദ്‌ നിസാറിനെ അറസ്റ്റ് ചെയ്തതെന്ന് വനം അധികൃതർ വ്യക്തമാക്കി.


Share news

Leave a Reply

Your email address will not be published. Required fields are marked *