കൊയിലാണ്ടി VHSE കെട്ടിടത്തിന് 1 കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതികൂടി ലഭിച്ചതായി കാനത്തിൽ ജമീല MLA
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ കെട്ടിടം തുടർ നിർമ്മാണ പ്രവൃത്തികൾക്ക് 1 കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എം.എൽ.എ കാനത്തിൽ ജമീല. നിർമ്മാണം നടന്നു വരുന്ന വി.എച്ച്.എസ്.ഇ ബ്ലോക്കിൻ്റെ ഒന്നും രണ്ടും നിലകൾ പൂർത്തീകരിക്കാനാണ് ഫണ്ട് അനുവദിച്ചത്. അനുവദിച്ച ഫണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉത്തരവായതായും എംഎൽ.എ. അറിയിച്ചു.

നേരെത്തെ അനുവദിച്ച 1 കോടി 47 ലക്ഷത്തിൻ്റെ പ്രവൃത്തികൾക്ക് പുറമെയാണ് മണ്ഡത്തിലെ മികവിൻ്റെ കേന്ദ്രമായ ഈ വിദ്യാലയത്തിന് വീണ്ടും ഫണ്ട് അനുവദിച്ചത്. നേരെത്തെ വി.എച്ച്.എസ്.ഇ ക്ലാസുകൾ നടന്നു വന്നിരുന്നത്. ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലായിരുന്നു. കാലപ്പഴക്കവും സുരക്ഷിതത്വക്കുറവും പരിഗണിച്ച് ഇവ രണ്ടിനും നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു.


ഇതോടെ 10 ക്ലാസ് മുറികൾ നഷ്ടപ്പെട്ട വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ക്ലാസ് മുറികൾ ഇല്ലാത്ത അവസ്ഥ വന്നു ചേർന്നിരുന്നു. ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ തുടർച്ചക്ക് കൂടി ഫണ്ട് അനുവദിച്ചതോടെ ആവശ്യമായ ക്ലാസ് മുറികൾ നിർമ്മിക്കാൻ കഴിയും.


