കേരളത്തിന് മന്ത്രിയില്ല? ദില്ലിയില്‍ എത്തിയതെന്തിനെന്ന് തുറന്ന് പറഞ്ഞ് കുമ്മനം

ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ ആരൊക്കെ ഇടംപിടിക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പല പ്രമുഖരേയും നിലനിര്‍ത്തിയതായും സഖ്യകക്ഷികളില്‍ പലര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ കേരളത്തിന് പ്രാതിനിധ്യം ലഭിക്കുമോയെന്ന ചര്‍ച്ചയും ചൂട് പിടിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍ മന്ത്രിയാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. കുമ്മനം ഇന്ന് രാവിലെ ദില്ലിയിലേക്ക് തിരിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയിട്ടുണ്ട്. എന്നാല്‍ എന്തിന് ദില്ലിയില്‍ എത്തിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം.
മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ വന്നതെന്ന് കുമ്മനം പറഞ്ഞു.തന്നെ ആരും വിളിച്ചിട്ടല്ല ദില്ലിയിലേക്ക് വന്നത്. രാജ്യം ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്ക് കടക്കുമ്ബോള്‍ അതിന് സാക്ഷിയാകണമെന്ന് കരുതി. മന്ത്രിസ്ഥാനത്തെ കുറിച്ച് മോഹമില്ലെന്നും കുമ്മനം പറഞ്ഞു.

നേരത്തേ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം പറഞ്ഞിരുന്നു.ദില്ലിയിലേക്ക് പുറപ്പെട്ടാല്‍ മന്ത്രിപദം ആഗ്രഹിച്ച് പോകുന്നതാണെന്ന ആക്ഷേപം ഉയരുമെന്നും തനിക്ക് ജനസേവനത്തിലാണ് താത്പര്യം എന്നും കുമ്മനം പറഞ്ഞിരുന്നു. അതേസമയം കുമ്മനം രാജശേഖരനോ രാജ്യസഭാംഗമായ വി മുരളീധരനോ രണ്ടാം മോദി സര്‍ക്കാരില്‍ ഇടം പിടിച്ചേക്കുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. കുമ്മനത്തെ പോലെ തന്നെ ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം വി മുരളീധരനും ദില്ലിയില്‍ എത്തിയിട്ടുണ്ട്.

