KOYILANDY DIARY.COM

The Perfect News Portal

ആശു​പത്രി മാലിന്യ സംസ്കരണപ്ലാന്റ്: സംരക്ഷണം നല്‍കാനെത്തിയ പോലീസ് സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞു

ബാലുശ്ശേരി: കിനാലൂരില്‍ ആശു​പത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി മലബാര്‍ എന്‍വയോണ്‍മെന്റ് കമ്പനിക്ക് സംരക്ഷണം നല്‍കാനെത്തിയ വന്‍പോലീസ് സംഘത്തെ പ്രദേശവാസികള്‍ കിനാലൂര്‍ വ്യവസായകേന്ദ്രം കവാടത്തിനുസമീപം തടഞ്ഞു.

സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്ലാന്റിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അഞ്ച് ജില്ലകളില്‍നിന്നുള്ള ആശു​പത്രി മാലിന്യം കിനാലൂരിലെത്തിച്ച്‌ സംസ്കരിക്കാനാണ് സംവിധാനമൊരുക്കുന്നത്.

താമരശ്ശേരി ഡിവൈ.എസ്.പി. പി.സി. സജീവന്‍, സി.ഐ.മാരായ കെ. സുഷീര്‍, അഗസ്റ്റിന്‍, ബാലുശ്ശേരി, കാക്കൂര്‍, മുക്കം, വടകര സ്റ്റേഷനുകളിലെ എസ്.ഐ.മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ജലപീരങ്കി, മറ്റുസംവിധാനങ്ങള്‍ എന്നിവയോടെയായിരുന്നു പോലീസ് സംഘം എത്തിയത്. അഗ്നിരക്ഷാസേനയും താമരശ്ശേരി ഡെപ്യൂട്ടി താഹസില്‍ദാര്‍ ഗീതാമണിയുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും കിനാലൂരിലെത്തിയിരുന്നു.

Advertisements

പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസും സംഘവും എത്തിയത്. പ്ലാന്റ് കിനാലൂരില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രദേശത്തുകാര്‍. പ്രതിഷേധക്കാര്‍ റോഡില്‍ കത്തിയിരുന്ന് തടസ്സം സൃഷ്ടിച്ചതോടെ സ്ഥലത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കും എന്നഘട്ടംവരെ എത്തി. രണ്ടുമണിക്കൂറോളം പ്രതിഷേധം തുടരുകയുണ്ടായി. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷിയുടെ നേതൃത്വത്തില്‍ വിവിധകക്ഷി പ്രതിനിധികള്‍ പോലീസ് അധികാരികളുമായി ചര്‍ച്ചനടത്തി പോലീസും നാട്ടുകാരും തത്കാലം പിരിഞ്ഞുപോകാനുള്ള തീരുമാനത്തിലെത്തുകയാണുണ്ടായത്.

വരുംദിവസങ്ങളില്‍ പ്ലാന്റിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിഷേധയോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍, ജില്ലാപഞ്ചായത്ത് അംഗം നജീബ് കാന്തപുരം, വിവിധരാഷ്ട്രീയകക്ഷിനേതാക്കളായ ഇസ്മയില്‍ കുറുമ്ബൊയില്‍, എന്‍.പി. രാമദാസ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ഷാജി കെ. പണിക്കര്‍, കെ. ബാബു, കെ. മുഹമ്മത്, ഷഹിന്‍ രാരോത്ത്, കെ. അഹമ്മത്കോയ തുടങ്ങിയവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *