KOYILANDY DIARY

The Perfect News Portal

കാറില്‍ തനിച്ചാക്കി പൂട്ടിയിട്ട കുട്ടിയെ പോലിസിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തി

അബുദാബി: അശ്രദ്ധകാരണം രക്ഷിതാക്കള്‍ കാറില്‍ തനിച്ചാക്കി പൂട്ടിയിട്ട കുട്ടിയെ പോലിസിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയായ അബൂദബിയിലെ അല്‍ ബത്തീനിലാണ് സംഭവം. കാറിനകത്ത് കുട്ടിയെ തനിച്ചു കണ്ടെത്തിയ നാട്ടുകാര്‍ ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ദ്രുതഗതിയില്‍ പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് 5.47നാണ് അബൂദബി പൊലീസ് കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ അല്‍ ബത്തീനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനകത്ത് ഒരു കുട്ടിയെ തനിച്ചാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. ഉടന്‍ തന്നെ അബൂദബി പൊലീസിന്റെ സിവില്‍ ഡിഫന്‍സ്, ക്രിമിനല്‍ പട്രോള്‍ വകുപ്പ് എന്നീ വിഭാഗങ്ങള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മയൂഫ് അല്‍ കിത്ത്ബി അറിയിച്ചു. ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതം രക്ഷിതാക്കള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൂട് കൂടിയ സമയങ്ങളില്‍ അടച്ചുപൂട്ടിയ വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് വലിയ ദുരന്തത്തിന് വഴിവയ്ക്കും.

Advertisements

വാഹനത്തിനകത്ത് കാര്‍ബണ്‍ഡയോക്സൈഡ് വാതകവും സീറ്റ് ചൂടായി അതില്‍ നിന്നുയരുന്ന പ്രത്യേക രാസപദാര്‍ഥവും കുട്ടിക്ക് ശ്വാസതടസ്സം സൃഷ്ടിക്കാന്‍ കാരണമാവും. കുട്ടികളെ കാറിലിരുത്തി താക്കോല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വാഹനം അകത്തുനിന്ന് ലോക്കാവാന്‍ ഇതു കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സപ്തംബറില്‍ അബൂദബിയില്‍ ആറു വയസ്സുകാരി പെണ്‍കുട്ടി ആറ് മണിക്കൂര്‍ നേരം തനിച്ച്‌ കാറികത്ത് കഴിയേണ്ടിവന്നതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചിരുന്നു. അജ്മാനിലുണ്ടായ സമാനമായ സംഭവത്തില്‍ സ്വദേശികളായ രണ്ട് കുരുന്നു സഹോദരികളാണ് കാറികത്ത് വച്ച്‌ മരണപ്പെട്ടത്. മുതിര്‍ന്നവരേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തിലാണ് കുട്ടികളുടെ ശരീരോഷ്മാവ് കൂടുകയെന്നും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലയ്ക്കാന്‍ കാരണമാവുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *