ഫറോക്കിൽ എസ്.ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
.
കോഴിക്കോട്: ഡാൻസാഫ് സബ് ഇൻസ്പെക്ടറാണെന്ന് ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി മരുന്ന് വിൽപ്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്പന നടത്തുകയുമായിരുന്നു പ്രതിയുടെ രീതി.

രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ചാണ് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും റോജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎയും, എയർ പിസ്റ്റളും, കൈവിലങ്ങും, സബ് ഇൻസ്പെക്ടർ ഐഡി കാർഡും, യൂണിഫോമിലുള്ള ഫോട്ടോയും പൊലീസ് കണ്ടെടുത്തു.




