യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയിലിൻ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷക മർദനത്തിന് ഇരയായ സംഭവത്തിൽ പ്രതി ബെയിലിൻ ദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പന്ത്രണ്ടാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി ജില്ലാ ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് ഇരയായ ശ്യാമിലി നിലപാട് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസിനെ ബാർ കൗൺസിലും ബാർ അസോസിയേഷനും സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബെയിലിൻ ദാസ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് തെളിഞ്ഞിരുന്നു. കോൺഗ്രസ് ആണ് തന്റെ കുടുംബം എന്ന് ബെയിലിൻ തന്നെ പറയുന്ന വീഡിയോ പുറത്തായിരുന്നു. അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസ് ഇടതുപക്ഷ പ്രവർത്തകനാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് ബെയിലിൻ തന്നെ പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തായത്. സിപിഐയിൽ കുറച്ച് കാലം പ്രവർത്തിച്ചിരുന്ന ഇയാൾ 2020ലാണ് കോൺഗ്രസിൽ എത്തിയത്. കോൺഗ്രസ് തന്റെ കുടുംബം ആണെന്നും കോൺഗ്രസിലേക്ക് തിരിച്ചെത്തിയെന്നും ബെയിലിൻ പറയുന്ന പഴയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

