KOYILANDY DIARY

The Perfect News Portal

ആറായിരം രൂപയ്ക്ക് മലേഷ്യയിലേക്ക് യാത്ര പോകാം

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാമെന്ന വാ​ഗ്ദാനവുമായി എയ‍ർ ഏഷ്യ. മേയ് മാസം മുതൽ കുറഞ്ഞ ചെലവിൽ മലേഷ്യക്ക് സ‍ർവ്വീസ് തുടങ്ങാനാണ് പദ്ധതി. വിനോദ സഞ്ചാരികൾക്ക് വൻ പ്രതീക്ഷ നൽകുന്നതാണ് എയ‍ർ ഏഷ്യയുടെ പ്രഖ്യാപനം. ഇപ്പോൾ വിസ കൂടാതെ തന്നെ മലേഷ്യയിലേക്ക് വിനോദ സഞ്ചാരം അനുവദിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ സഞ്ചാരികൾക്ക് പ്രിയകരമാവും.

Advertisements

മലേഷ്യൻ ബജറ്റ് എയർലൈനായ എയർ ഏഷ്യയാണ് ആഴ്ചയിൽ മൂന്ന് വീതം സർവീസ് നടത്തുക. ഏപ്രിൽ പാതിയോടെ ബുക്കിങ് തുടങ്ങും. കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് ആദ്യഘട്ടത്തിൽ സർവീസ് നൽകുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് -തായ്‌ലൻഡ് സർവീസും എയർ ഏഷ്യയുടെ പരിഗണനയിലാണ്.

 
കോഴിക്കോട് വിമാനത്താവളത്തിന് എതിരായ ലോബി സജീവമാണ്. ഇതിനിടെ വിനോദ സഞ്ചാര സാധ്യകൾ പ്രയോജനപ്പെടുത്താനുള്ള അവസരം കൂടി ലഭിക്കുന്നത് വ്യത്യസ്തമായ സാധ്യത തുറക്കും എന്നാണ് പ്രതീക്ഷ. സർവീസിനാവശ്യമായ ടൈം സ്ലോട്ടുകൾ കഴിഞ്ഞ ദിവസം എയ‍ർ ഏഷ്യയ്ക്ക് അനുവദിച്ച് കിട്ടി. ഇതു പ്രകാരം 6000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങൾ പറഞ്ഞു. ഇതിന് പുറമെ ഏജൻസി കമ്മീഷനുകൾ വരാം. 180 പേർക്ക് യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. 

Advertisements

 

ഇന്ത്യക്കാർക്ക് മലേഷ്യയിൽ പോകാൻ വിസ ആവശ്യമില്ലാത്തതിനാൽ, വളരെ കുറഞ്ഞ ചെലവിൽ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാവും. കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും എളുപ്പത്തിൽ മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ബാലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ​ഗൾഫ് കാലഘട്ടത്തിനും മുൻപ് തന്നെ സജീവമായ റൂട്ടാണ് ഇത്.