കൊല്ലത്ത് വിവിധ മേഖലകളില്‍ അടിഞ്ഞ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു

കൊച്ചി തീരത്ത് അപകടത്തില്‍ പെട്ട കപ്പലില്‍ നിന്നും കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്നറുകള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി 35 കണ്ടെയ്നറുകളാണ് വന്നടിഞ്ഞത്.

സംഹാര താണ്ഡവം ആടുകയാണ് കടലമ്മ. ഒപ്പം 50 കിലോ മീറ്റര്‍ വേഗതയിലെ കാറ്റും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. പോളിമര്‍ ഷീറ്റ് അടങ്ങിയ കണ്ടെയ്നര്‍ കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടില്‍ എത്തിക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടി വന്നു. അപകടത്തില്‍ പെട്ട കപ്പലിന്റെ ഉടമകളായ എം എസ് സി കമ്പനി കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിന് വാട്ടര്‍ ലൈന്‍ എന്ന കമ്പനിക്ക് കരാര്‍ നല്കി. തകരാറിലായ കണ്ടെയ്നറുകളും തീരത്തടിഞ്ഞ മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ടി ആൻഡ് ടി സാല്‍വേജ് കമ്പനിയുടെ പ്രതിനിധികളും കൊല്ലത്ത് എത്തി. തീരത്തടിഞ്ഞ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കും.

ക്രെയിന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത പ്രദേശങ്ങളിലാണ് ബഹുഭൂരിപക്ഷം കണ്ടെയ്നറുകളും അടിഞ്ഞത്. കടല്‍ മാര്‍ഗം ഇവ വലിച്ചുകൊണ്ടുപോയി കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു. ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിനായി രാസ ദുരന്തപ്രതികരണത്തില്‍ വൈദഗ്ധ്യം നേടിയ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക സംഘവും ജില്ലയില്‍ എത്തിച്ചേര്‍ന്നു. തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ പരിശോധിക്കുന്നതിനായി കസ്റ്റംസ് അധികൃതരും ജില്ലയില്‍ തങ്ങുന്നുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ റേച്ചലിന്റെ നേതൃത്വത്തില്‍ കടലില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. ജില്ല ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ അടിയന്തര സാഹചര്യം നേരിടുന്നതിനായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ വാസികളുടെ പൂര്‍ണ സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

