KOYILANDY DIARY

The Perfect News Portal

മഴ തുടങ്ങിയതോടെ ജില്ലയിൽ പനി വ്യാപകം

കോഴിക്കോട്‌: മഴ തുടങ്ങിയതോടെ ജില്ലയിൽ പനി വ്യാപകം. പ്രതിദിനം രണ്ടായിരത്തോളം പേരാണ്‌ ചികിത്സതേടുന്നത്‌. വൈറൽ പനിയാണ്‌ കൂടുതൽ. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം ശനിയാഴ്‌ച 1201 പേരാണ്‌ ചികിത്സതേടിയത്‌. 12 പേരെ കിടത്തിച്ചികിത്സ‌ക്ക്‌ പ്രവേശിപ്പിച്ചു. ഒരാൾക്ക്‌ ഡെങ്കിയുണ്ട്‌. 14 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. എലിപ്പനി ലക്ഷണമുള്ള ഒരു കേസുമുണ്ട്‌.
പനി ബാധിതരുടെ എണ്ണം ജൂൺ രണ്ടാംവാരം മുതലാണ്‌ വർധിച്ചത്‌. ആയിരത്തിന്‌ മുകളിലാണ്‌ പ്രതിദിന കേസുകൾ. 1374 പേരാണ്‌ 14ന്‌ പനി ബാധിച്ച്‌ ചികിത്സതേടിയത്‌. അത്രതന്നെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നവരുമുണ്ട്‌. വയലട, കൂരാച്ചുണ്ട്‌, കട്ടിപ്പാറ, ചാലിയം, കൊടുവള്ളി കിഴക്കോത്ത്‌ ഭാഗങ്ങളിലാണ്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. മേലടി, മേപ്പയൂർ, ചൂലൂർ, ഓമശേരി എന്നിവിടങ്ങളിലുള്ളവർക്കാണ്‌ എലിപ്പനി.
Advertisements
‘ഡെങ്കി’യിൽ ആശങ്കയില്ല. വൈറൽ പനിക്കിടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയില്ലാത്തത്‌ ആശ്വാസമാണ്‌. ഈ മാസം 18 പേർക്കാണ്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. തെക്കൻ ജില്ലയിൽ നൂറിലേറെ ഡെങ്കി കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു. മഴയ്‌ക്ക്‌ മുന്നേ ജില്ലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതും കാര്യക്ഷമമായ മാലിന്യ നിർമാർജനവും ഒരളവുവരെ ഡെങ്കി വ്യാപനത്തെ നിയന്ത്രിച്ചു. ഈ മാസം നാലുപേർക്കാണ്‌ എലിപ്പനി ബാധിച്ചത്‌.
പനി ക്ലിനിക്കുകൾ
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും പനി ബാധിതർക്കായി വാർഡും ക്ലിനിക്കും ആരംഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി. മിക്കയിടത്തും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ്‌ ക്ലിനിക്‌ ഒരുക്കുക. മരുന്ന്‌ ലഭ്യതയും ഉറപ്പാക്കി. മിക്കയിടത്തും വൈകുംവരെ ഒപി പ്രവർത്തിക്കുന്നതും രോഗികൾക്ക്‌ ആശ്വാസമാണ്‌.  ആരോഗ്യ ജാഗ്രതാ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കി.
സംയുക്ത യോഗം  21ന്‌. മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ 21ന്‌ സംയുക്ത യോഗം ചേരും. ആരോഗ്യ വകുപ്പ്‌, ഫിഷറീസ്‌, വിദ്യാഭ്യാസം തുടങ്ങി എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ പങ്കെടുക്കും.
ഡെങ്കി, എലിപ്പനി ലക്ഷണങ്ങൾ: 
 പനി, കടുത്ത തലവേദന, നടുവേദന, സന്ധിവേദന, ഛർദി, വയറിളക്കം, ചുവന്ന തിണർപ്പ്‌ എന്നിവയാണ്‌ ഡെങ്കി ലക്ഷണങ്ങൾ. പെട്ടെന്നുള്ള തലവേദന, കടുത്ത പേശീവേദന, വിറയലോടെയുള്ള പനി, കണ്ണ്‌ ചുവക്കൽ എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്‌.
പകർച്ചവ്യാധിയെ കരുതാം.
പകർച്ചവ്യാധിയെ തടയാൻ വ്യക്തി–പരിസര ശുചിത്വം പ്രധാനമാണ്‌. കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചും ജലജന്യ രോഗങ്ങളെക്കുറിച്ചും ജാഗ്രതപാലിക്കണം. വീട്ടിനുള്ളിലും ചുറ്റുപാടുകളിലും വെള്ളം കെട്ടിക്കിടന്ന്‌ കൊതുക്‌ വളരുന്ന  സാഹചര്യം ഒഴിവാക്കണം.
ജലജന്യരോഗങ്ങളെ തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മാലിന്യവും ഭക്ഷണാവശിഷ്ടവും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കണം. മലിനജലത്തിലും ചെളിയിലും കൈയുറകളോ കാലുറകളോ ഇല്ലാതെ ഇടപഴകുന്നത്‌ ഒഴിവാക്കണം. സ്വയം ചികിത്സ ഒഴിവാക്കി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണിക്കണം.