വയനാട് കുറുവാ ദ്വീപ് സഞ്ചാരികൾക്കായി തുറന്നു

പുൽപള്ളി: കാലവർഷക്കെടുതിയെ തുടർന്ന് അടച്ചിട്ട കുറുവാ ദ്വീപ് സഞ്ചാരികൾക്കായി തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവയിലേക്കുള്ള പ്രവേശനത്തിന് കലക്‌ടർ ഇളവ് നൽകിയതിനെ തുടർന്നാണ് 3 മാസമായി അടഞ്ഞുകിടന്ന കുറുവദ്വീപിൽ ആളനക്കമായത്. ദ്വീപും പരിസരങ്ങളും കഴിഞ്ഞദിവസം ജീവനക്കാർ വൃത്തിയാക്കിയിരുന്നു. പുഴയിലൂടെ നടത്തിയിരുന്ന ചെറു ചങ്ങാട – സവാരികൾ ഒഴുക്കിൻ്റെ ശക്‌തി കുറയുന്നതനുസരിച്ച് ആരംഭിക്കുമെന്ന് ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർ എം.കെ. രാജീവ്കുമാർ അറിയിച്ചു. കബനിയിലെ ദ്വീപസമൂഹങ്ങളായ കുറുവ അപൂർവ സസ്യജനുസുകളുടെയും വന്യമായ ഓർക്കിഡുകളുടെയും കലവറയെന്നാണ് വനംവകുപ്പ് വിശേഷിപ്പിക്കുന്നത്.

.
അപൂർവമായ ജലജീവികളും ഇവിടെയുണ്ട്. ദ്വീപിലേക്കും തിരിച്ചുമുള്ള ചങ്ങാട സവാരിയും കൂടുതൽ ദുരത്തിലേക്കുള്ള ചെറുചങ്ങാട യാത്രയും സഞ്ചാരികളുടെ മനംകുളിർപ്പിക്കും. ഏറെക്കാലം അടഞ്ഞു കിടന്ന കുറുവ ദ്വീപ് കോടതി ഇടപെടലിലൂടെയാണ് തുറന്നത്. 488 പേർക്കാണ് പ്രതിദിന പ്രവേശനം. അതിൽ 244 പേർക്ക് പാക്കംവഴിയും 245 പേർക്ക് പാൽവെളിച്ചം വഴിയും പ്രവേശനം നൽകും. 247 രൂപയാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയെന്ന് പാക്കം-കുറുവ വനസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
