KOYILANDY DIARY.COM

The Perfect News Portal

വിഷ്ണുപ്രിയ കൊലക്കേസ്; വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. യുവതിയുടെ മുൻ സുഹൃത്ത് ശ്യാംജിത്താണ് കേസിലെ പ്രതി. പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. കൃത്യം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഇയാൾ കൂത്തുപറമ്പിലെ കടയിൽ നിന്ന് കൈയുറയും ചുറ്റികയും വാങ്ങിയിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 

2022 ഒക്ടോബർ 22ന് പകൽ 11.45നാണ്‌ വിഷ്‌ണുപ്രിയ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്‌. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയ പ്രതി ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്‌ത്തി കഴുത്തിന്‌ കുത്തി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. പാനൂർ സിഐ ആയിരുന്ന എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം 34 ദിവസം കൊണ്ടാണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്‌. കൃത്യം നടന്ന്‌ മൂന്ന്‌ മണിക്കൂറിനകം പ്രതിയെ പൊലീസ്‌ പിടിച്ചു.

 

2023 സെപ്‌തംബർ 21നാണ്‌ വിചാരണ തുടങ്ങിയത്‌. ഒരു വർഷംപൂർത്തിയാവുംമുമ്പ്‌ വിചാരണ പൂർത്തിയാക്കി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവും ശാസ്ത്രീയ തെളിവുകളുമാണ്‌ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്‌. കേസിൽ 73 സാക്ഷികളാണുള്ളത്‌. 49 സാക്ഷികളെ വിസ്‌തരിച്ചു. വിഷ്‌ണുപ്രിയയുടെ മുൻസുഹൃത്തായിരുന്നു പ്രതി ശ്യാംജിത്ത്‌. പ്രോസിക്യുഷന്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യുട്ടർ കെ അജിത്‌കുമാർ ഹാജരായി.

Advertisements
Share news