KOYILANDY DIARY.COM

The Perfect News Portal

മണിപ്പുരില്‍ സ്ത്രീകൾക്ക് നേരെ അതിക്രമം; പ്രധാന പ്രതി അറസ്റ്റില്‍.

ഇംഫാല്‍: മണിപ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതി ഹെറാദാസാണ് പൊലീസ് പിടിയിലായത്. തൗബാല്‍ ജില്ലയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പൊലീസിന്റെ നടപടി.

മണിപ്പുരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. മെയ് നാലിനായിരുന്നു സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്നതാണ് വീഡിയോയില്‍. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായതായി കുക്കി ഗോത്ര സംഘടന ആരോപിച്ചിരുന്നു. ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മെയ്‌തേയി വിഭാഗത്തിലുള്ളവരാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് ആരോപണം. നിസഹായകരായ സ്ത്രീകളെ മെയ്‌തേയി വിഭാഗത്തിലുള്ളവര്‍ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ടെന്നും ട്രൈബല്‍ ലീഡേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.

Advertisements
Share news