പെരുവട്ടൂർ നടേരി റോഡിൽ വഗാഡിൻ്റെ ലോറി റോഡരികിലെ കുഴിയിൽ അകപ്പെട്ടു. ഗതാഗതം മുടങ്ങി

കൊയിലാണ്ടി പെരുവട്ടൂർ നടേരി റോഡിൽ വഗാഡിൻ്റെ ലോറി റോഡരികിലെ കുഴിയിൽ അകപ്പെട്ട് ഗതാഗതം മുടങ്ങി. അപകട കെണിക്കെതിരെ പ്രദേശത്തെ നാട്ടുകാർ പ്രതിഷേധിക്കുന്നു. റോഡരികിൽ കുടിവെള്ളത്തിനായി പൈപ്പ് ലൈൻ വലിച്ച ഭാഗം മണ്ണിട്ട് നികത്തിയ സ്ഥലത്താണ് വഗാഡിൻ്റെ ടോറസ് ലോറി താഴ്ന്നത്. ഇതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ടോറസ് ലോറിയുടെ തുടർച്ചയായുള്ള സഞ്ചാരത്തെ തുടർന്ന് പ്രദേശത്തെ റോഡുകൾ തകർന്നിരിക്കുകയാണ്. റോഡ് നന്നാക്കിയിട്ട് ലോറി മാറ്റിയാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.

ചാലോറ മലയിൽ നിന്ന് പോലീസ് കാവലിൽ മണ്ണെടുക്കുന്നതിനായി എത്തിയതായിരുന്നു ലോറി. ജെസിബി എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമം നടക്കുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം മുടങ്ങിയിരിക്കുകയാണ്. കുടിവെള്ള പൈപ്പിടാനായി കീറിയ റോഡുകൾ ഉടൻതന്നെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെയും പ്രവൃത്തി നടക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

