KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരായ കണ്ണപുരത്തെ ജോയല്‍ ജോസ്, ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് എന്നിവരാണ് മരിച്ചത്.

തളിപ്പറമ്പ് ദേശീയപാതയോരത്ത് പുലര്‍ച്ചെ 1.30 നായിരുന്നു അപകടം. ആലിങ്കീല്‍ തിയേറ്ററിന് സമീപം നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കാണ് കാറിന് പിന്നിലിടിച്ചത്.

 

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡില്‍ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയര്‍ഫോഴ്സ് എത്തിയാണ് കഴുകിമാറ്റിയത്. അമിതവേഗതയില്‍ ബൈക്ക്‌ നിയന്ത്രിക്കാനാവാത്തതാണ് ബൈക്കപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്.

Advertisements
Share news