ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയും സ്ത്രീകളുടെ മാല പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ തൃശ്ശൂരില്‍ പൊലീസ് പിടിയിലായി. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു (31) എന്ന സാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് സിറ്റി സാഗോക് ടീമും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ് അനുരാഗ്. സാജു തൃശൂര്‍ പാലക്കാട് ജില്ലകളില്‍ മോഷണ കേസുകളില്‍ പ്രതിയാണ്.

