KOYILANDY DIARY.COM

The Perfect News Portal

ഡാര്‍ക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

ഡാര്‍ക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടു കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. റിസോര്‍ട്ട് ഉടമകളായ ദമ്പതികളെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇടുക്കി വാഗമണില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ നേതൃത്വം നല്‍കുന്ന കെറ്റാമെലോണ്‍ മയക്കുമരുന്ന് ശൃംഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.

വാഗമണിലെ റിസോര്‍ട്ട് ഉടമകളും ദമ്പതികളുമായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. നേരത്തെ അറസ്റ്റിലായ എഡിസന്‍റെ സുഹൃത്താണ് ഡിയോള്‍ എന്നാണ് വിവരം. എഡിസണ്‍ നേതൃത്വം നല്‍കുന്ന കെറ്റാമെലോണ്‍ മയക്കുമരുന്ന് ശൃംഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. ഡാര്‍ക്ക് വെബ് വഴി വിദേശത്തു നിന്നെത്തിക്കുന്ന മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്കാണ് ഇവര്‍ അയച്ചിരുന്നതെന്നാണ് എന്‍ സി ബിയ്ക്ക് ലഭിച്ച വിവരം.

 

കെറ്റമൈന്‍ ഉള്‍പ്പടെയുള്ള രാസലഹരി ഇവര്‍ കയറ്റുമതി ചെയ്തിരുന്നുവെന്നും എന്‍ സി ബി കണ്ടെത്തിയിട്ടുണ്ട്. എഡിസന്‍റെ സുഹൃത്തുക്കളായിരുന്ന ഇവര്‍ തനിച്ചും എഡിസനുമായി ചേര്‍ന്നും ലഹരിയിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും എന്‍ സി ബി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോ.സ്യൂസ് ലഹരിക്കാര്‍ട്ടല്‍ തന്നെയാണ് ദമ്പതികളുടെയും മയക്കുമരുന്ന് സ്രോതസ്സ്. ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു ഇടപാടുകള്‍.

Advertisements

ഇരുവരില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ സി ബിയുടെ പ്രതീക്ഷ. അതേസമയം മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എഡിസണെയും കൂട്ടാളിയെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ സി ബി തീരുമാനം. വിശദമായ ചോദ്യം ചെയ്യലിലൂടെ ഡാര്‍ക്ക് വെബ് മയക്കുമരുന്ന് ശൃംഖലയിലെ കൂടുതല്‍ കണ്ണികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് എന്‍ സി ബി പ്രതീക്ഷിക്കുന്നത്.

Share news