അനധികൃതമായി തോക്ക് കെെവശം വെച്ചതിന് മംഗളൂരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ

മംഗളൂരു: അനധികൃതമായി തോക്ക് കെെവശം വെച്ചതിന് കർണാടകയിലെ മംഗളൂരുവിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ഉള്ളാലിലെ തലപ്പാടിയിൽ നിന്നാണ് പിസ്റ്റളുമായി കാറിൽ വരുമ്പോൾ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഗർ (26), മൂടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ കെ (29) എന്നിവരാണ് പിടിയിലായത്. മഞ്ചേശ്വരം സ്വദേശികളാണ് രണ്ടുപേരും.

കറുത്ത വെർണ കാറിലാണ് ഇവർ മംഗളൂരുവിൽ സഞ്ചരിച്ചിരുന്നത്. ഇവരുടെ കെെവശത്ത് നിന്ന് പിസ്റ്റളിനൊപ്പം രണ്ട് തിരകളും രണ്ട് മൊബെെൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കർണാടക പൊലീസ് അറിയിച്ചു.

മുഹമ്മദ് അസ്‌ഗർ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കർണാടക പൊലീസ് വ്യക്തമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നിവയ്ക്കും ഉള്ളാൾ സ്റ്റേഷനിൽ കഞ്ചാവ് വിൽപനയ്ക്കും ബംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിനും അസ്‌ഗറിനെതിരെ കേസുകളുണ്ട്. പ്രതിക്കെതിരെ ആകെ ആറ് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് വിവരം.

