KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർഗോഡ് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര തകർന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. പൊഴിയൂരിൽ കടലാക്രമണം രൂക്ഷം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് വൈകിട്ടോടെ റെമാൽ ചുഴലിക്കാറ്റാകും.

കാസർഗോഡ് ബെള്ളൂർ സ്വദേശി ഗംഗാധരൻ ആണ് ഇന്നലെ രാത്രി ഇടിമിന്നലേറ്റ് മരിച്ചത്. 76 വയസ്സായിരുന്നു. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയായ ദിലീപ് മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ വീട് തകർന്ന് 6 വയസ്സുകാരിക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് വീട് ഭാഗികമായി തകർന്ന് വീണത്. തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു വീണു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുടമ ഗിരിജാകുമാരി രക്ഷപെട്ടത് തലനാരിഴക്ക്.

 

കാസർഗോഡ് കനത്ത മഴയിൽ വീടിന്റെ മതിൽ തകർന്നു. നെല്ലിക്കാട്ട് സ്വദേശി യമുനയുടെ വീട്ടുമതിലാണ് തകർന്നത്. പലയിടങ്ങളിലും കൃഷിനാശം ഉണ്ടായി. പത്തനംതിട്ട തുമ്പമണിൽ കിണർ ഇടിഞ്ഞു. തുമ്പമൺ സ്വദേശി ജോയിക്കുട്ടിയുടെ കിണറാണ് ഇടിഞ്ഞത്. കാലാവസ്ഥ പ്രതികൂലം ആയതിനാൽ റാന്നി കോഴഞ്ചേരി പുതുമൺ പാലത്തിലൂടെയുള്ള യാത്ര താത്കാലികമായി നിരോധിച്ചു. അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകിട്ടോടെ ഇത് റെമാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

Advertisements
Share news