മ്ലാവിനെ വേട്ടയാടി കറിവെച്ചു; കമ്പംമെട്ടിൽ രണ്ട് പേർ പിടിയിൽ
.
മ്ലാവിനെ വേട്ടയാടിയ കേസിലെ പ്രതികൾ പിടിയിൽ. കുമളി കമ്പംമേട് സ്വദേശി ജേക്കബ് മാത്യു, കൂട്ട് പ്രതി റോബിൻസ് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിൽ ആയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ജേക്കബ് മാത്യുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 3 കിലോയോളം പാചകം ചെയ്യാത്ത മ്ലാവ് ഇറച്ചിയും, പാചകം ചെയ്ത 2 കിലോയോളം മ്ലാവ് ഇറച്ചിയും, പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, മ്ലാവിനെ കൊല്ലാൻ ഉപയോഗിച്ച ഒരു കത്തിയും കണ്ടെത്തി.

മ്ലാവിനെ ജേക്കബ് മാത്യുവിൻറെ വീടിന് പുറകിൽ വെച്ചാണ് ഇരുവരും കൊല്ലുന്നത്. പ്രതികളെയും, പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. രണ്ടാം പ്രതി റോബിൻസിനെ പുറ്റടിക്ക് സമീപമുള്ള ശംഖുരുണ്ടാൻ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം വരും ദിവസങ്ങളിലും വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.




