KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വർഷത്തിലേക്ക്

തിരുവങ്ങൂർ: നാടിൻ്റെ വിജ്ഞാനദീപമായി പ്രകാശം പരത്തുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വർഷത്തിലേക്ക് കടക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കും. ശതവാർഷികത്തോടനുബന്ധിച്ച് പുതിയ കെട്ടിടം തിങ്കളാഴ്ച രാവിലെ 11ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ.അധ്യക്ഷത വഹിക്കും.
16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന 3 നില കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. 20 സ്മാർട്ട് ക്ലാസ് റൂമുകളും നവീകരിച്ച ഐ.ടി. ലാബും സ്റ്റാഫ് റൂം മന്ത്രി ഉദ്ഘാടനം ചെയ്യും. 3500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരമേഖലയിലും മികവ് പുലർത്തുകയാണ്. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി 13 ക്ലാസ് മുറികൾ പൊളിച്ചുമാറ്റിയതിന് പകരമായാണ് 23 മുറികളുള്ള കെട്ടിടം നിർമിച്ചത് കാൽ നൂറ്റാണ്ടിലധികമായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്ന വിദ്യാലയമാണിത്. 
Advertisements
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയ്ക്ക് കൂടുതൽ പോയിൻ്റുകൾ നേടികൊടുക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഒന്നാമതെത്താൻ കഴിഞ്ഞു. എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്ക്കൗട്ട്, ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നീ സന്നദ്ധ സംഘടനകൾ  വിദ്യാലയത്തിലുണ്ട്. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്.രാജ്യ പുരസ്ക്കാർ
പരീക്ഷകളിൽ മിന്നുന്ന വിജയം നേടി കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാനും  കഴിഞ്ഞു.
കായിക മേളയിൽ  സംസ്ഥാന തലത്തിൽ മികച്ച വിജയം നേടാനായി.
പത്രസമ്മേളനത്തിൽ മാനേജർ ടി.കെ. ജനാർദ്ദനൻ, പി.ടി.എ.പ്രസിഡണ്ട് വി.മുസ്തഫ,
മാനേജ്മെൻ്റ് കമ്മറ്റി അംഗം ടി.കെ. ശശിധരൻ, പ്രിൻസിപ്പൾ ടി.കെ. ഷെറീന, പ്രധാന അധ്യാപിക കെ.കെ. വിജിത, സ്റ്റാഫ് സെക്രട്ടറി വി. മുനീർ എന്നിവർ പങ്കെടുത്തു.