KOYILANDY DIARY

The Perfect News Portal

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ട്രാം സർവ്വീസ് വീണ്ടും പരിഗണനയിൽ

തിരുവനന്തപുരം: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് ട്രാം സർവ്വീസ് വീണ്ടും പരിഗണനയിൽ. വിദേശ മാതൃകയില്‍ ലൈറ്റ് ട്രാം പദ്ധതി ഇവിടെയും നടപ്പാക്കാൻ കഴിയുമോ എന്നതാണ് പരിഗണിക്കുന്നത്. ലൈറ്റ് ട്രാം പദ്ധതികളിൽ ഏറെ പേരുകേട്ട ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ മാതൃകയാണ് ഇതിനായി പരിഗണിക്കുന്നത്. കൊച്ചി നഗരത്തിനാവും മുൻഗണന. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) നേതൃത്വത്തിലാണ് പുതിയ പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ തുടങ്ങിയിരിക്കുന്നത്.

Advertisements

ലോകത്തിന്റെ പല ഭാഗത്തും ലൈറ്റ് ട്രാം സംവിധാനം നിലവിലുണ്ട്. സാദാ റോഡുകളിലൂടെ മെട്രൊ റെയിലിന് സമാനമായ കോച്ചുകള്‍ ഓടിക്കാമെന്നതാണ് ലൈറ്റ് ട്രാമിന്റെ പ്രത്യേകത. പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മിച്ചും ട്രാക്കില്ലാതെയും ഇത് ഓടിക്കാന്‍ സാധിക്കും. കൊച്ചിയെ പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ ട്രാക്കില്ലാതെ ഓടുന്ന ലൈറ്റ് ട്രാമുകളായിരിക്കും പ്രായോഗികം എന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്രിസ്‌ബെയ്ന്‍ ലൈറ്റ് ട്രാം അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങള്‍ക്ക് കൂടുതല്‍ യോജിച്ചതാണ് ലൈറ്റ് ട്രാം എന്നാണ് പൊതുവിലയിരുത്തല്‍.

 

റഷ്യയിൽ തുടങ്ങി കൊൽക്കത്തയിൽ അവശേഷിക്കുന്നു

Advertisements

ആദ്യമായി ഈ സംവിധാനം പരീക്ഷിക്കുന്നത് 1880 കളിൽ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ലൈറ്റ് ട്രാം സംവിധാനം നിലവിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ ലൈറ്റ് അല്ലെങ്കിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനാണ് മുൻപ് ഡിഎംആർസി നിർദേശിച്ചിരുന്നത്.

ട്രാമോ ലൈറ്റ് മെട്രോയോ

പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 21.8 കിലോമീറ്റർ നീളത്തിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ 4673 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. 13.3 കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട്ട് പദ്ധതി നടപ്പാക്കാൻ 2773 കോടി രൂപയും കണക്കാക്കി. 2022 ൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍ നടപ്പാക്കുന്നത് പഠിക്കാൻ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ (കെ.എം.ആര്‍.എല്‍.) ചുമതലപ്പെടുത്തിയിരുന്നു.

 

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും, ഇപ്പോഴും നിരത്തിലൂടെ വൈദ്യുതി ഉപയോഗിച്ചോടുന്ന ട്രാം സർവീസും കൊൽക്കത്തയിലാണ്. 1873–ൽ ഇന്ത്യയിലെ ആദ്യത്തെ ട്രാം കൊൽക്കത്തയിൽ വരുമ്പോൾ മണിക്കൂറിൽ മൂന്ന് മൈൽ മാത്രം വേഗത ഉണ്ടായിരുന്ന ഗതാഗത സംവിധാനമായിരുന്നു. റിപ്പൺ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തുന്നത്. ഇന്ത്യൻ നഗരങ്ങളിൽ ഇന്നു പ്രവർത്തിക്കുന്ന ഒരേയൊരു ട്രാം സിസ്റ്റം കൊൽക്കത്തയിലാണ്. മുംബൈ, നാസിക്, കാൺപുർ, ഡൽഹി, പാറ്റ്ന, മദ്രാസ് തുടങ്ങിയ നഗരങ്ങളിലും ട്രാം സര്‍വീസ് ഉണ്ടായിരുന്നെങ്കിലും 1960കളോടെ എല്ലാം സർവീസ് അവസാനിപ്പിച്ചു. പ്രതാപകാലത്തു കൊൽക്കത്ത ട്രാമിന് 25  ദിശകളിലേക്ക് സേവനം ഉണ്ടായിരുന്നു. കൊൽക്കത്ത ട്രാംവേയ്സ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ്.

കേരളത്തിൽ നേരത്തെയം ട്രാം ഓടിയിരുന്നു

കേരളത്തിലും ട്രാം ഉണ്ടായിരുന്നു. പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന സർവ്വീസ് പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതൽ1963 വരെ  കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ് ട്രാംവേ എന്ന കമ്പനിയാണ് എൺപത് കിലോമീറ്റര് നീളമുള്ള ഈ ട്രാം സർവീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വാനന്തരങ്ങളിലെ ഈട്ടിയും, തേക്കും കടത്തികൊണ്ടു വരുന്നതിനാണ്‌ ഇവിടേയ്ക്ക് ട്രാം സർവ്വീസ് നടത്തിയത്.