KOYILANDY DIARY.COM

The Perfect News Portal

ഇന്ന് ബക്രീദ്; ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ദിനം

ഇന്ന് ബക്രീദ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് ബലി പെരുന്നാൾ ദിനം. ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു.

ഈദുൽ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ ആഘോഷവുമായി അത് മാറുന്നു. പ്രവാചനായ ഇബ്രാഹിം നബി തന്റെ പ്രിയ പുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ബക്രീദ്.

ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന അള്ളാഹുവിന്റെ കൽപനയോട് മനസ്സുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടിപ്പിച്ച ഇബ്രാഹിമിനെ നാഥൻ ചേർത്തുപിടിച്ചതായാണ് വിശ്വാസം.

Advertisements

ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഇല്ലാതെ മക്കയിൽ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. ഭക്തിനിർഭരമായ കൂട്ടായ്മകളൊരുക്കി അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്.

Share news