എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

വർക്കല: ആന്ധ്രയിൽനിന്ന് ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം കഞ്ചാവുമായി മൂന്നുപേരെ വർക്കല എക്സൈസ് സംഘം പിടികൂടി. ചെമ്മരുതി ചാവടിമുക്ക് ആർഎസ് ഭവനിൽ രാജേന്ദ്രൻ (67), അയിരൂർ ജനതാമുക്ക് സ്റ്റെഫി നിവാസിൽ സതീഷ് (43), ചെമ്മരുതി വണ്ടിപ്പുര അനി വിലാസത്തിൽ അനി (47) എന്നിവരാണ് പിടിയിലായത്.

എക്സൈസ് എൻഫോഴ്സ്മെന്റിന് ലഭിച്ച വിവരത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇവർ പിടിയിലാകുന്നത്. അനിയുടെ നിർദേശപ്രകാരം രാജേന്ദ്രൻ ആന്ധ്രയിൽ പോയി കഞ്ചാവ് വാങ്ങി തിരുവനന്തപുരത്തേക്ക് ട്രെയിൻ വഴി എത്തിക്കുകയായിരുന്നു. വർക്കലയിലെത്തിയ അനിയും സതീഷും ഓട്ടോയിൽ കഞ്ചാവുമായി കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. എക്സൈസ് സംഘം തുടർനടപടികൾ സ്വീകരിച്ചു.

