ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി തട്ടി; ബിജെപി നേതാവും ഭാര്യയും അറസ്റ്റിൽ

പാലക്കാട്: ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ തട്ടിയ കേസിൽ ബിജെപി ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. ബിജെപി നേതാവും ആർഎസ്എസ് മുൻ ദേശീയ നേതാവുമായ കെസി കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ അടച്ചുപൂട്ടിയ ഫാക്ടറിയുടെ ഉപകരണങ്ങൾ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവാണ്. ബംഗളൂർ സ്വദേശിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എൻഎസ്‌സിഎൽ മൾട്ടി നാഷണൽ കമ്പനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ് കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്. കമ്പനി പൂട്ടിയപ്പോൾ സ്‌ക്രാപ് വിറ്റഴിച്ചു തരാമെന്നുപറഞ്ഞ് പാർടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച് സ്‌ക്രാപ്പ് തരാമെന്ന് പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയിൽനിന്ന് അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാൽ സ്‌ക്രാപ് നൽകുകയോ പണം മടക്കി കൊടുക്കുകയോ ചെയ്‌തില്ല. തുടർന്ന് മധുസൂദന റെഡ്ഡി 2023 സെപ്‌തംബർ 30ന് പട്ടാമ്പി പൊലീസിൽ പരാതി നൽകി.

ക്രൈം ബ്രാഞ്ച് തുടർ അന്വേഷണം നടത്തി. വ്യാഴാഴ്‌ച ഉച്ചയോടെ വീട്ടിലെത്തി അറസ്‌റ്റു ചെയ്‌തു. പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രഭാകർ റാവുവുമായി ഏർപ്പെട്ട എഗ്രിമെന്റ് കാണിച്ച് പലരിൽനിന്ന് ഇവർ പണം തട്ടിയെടുത്തതായാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഡിവൈഎസ്‌പി അബ്‌ദുൾ സലാം, എസ്‌ഐമാരായ മനോജ്‌കുമാർ, ബെസഡിക്‌ട്, ശിലൻ, പ്രകാശൻ, അജിത് കുമാർ, മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

