തിരുവരങ്ങ് 81 ഈദ്- വിഷു- ഈസ്റ്റർ സംഗമം നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ ഹൈസ്ക്കൂളിലെ 1981 SSLC ബാച്ച് വിദ്യാർത്ഥികൾ രൂപീകരിച്ച തിരുവരങ്ങ് 81 ആഭിമുഖ്യത്തിൽ ഈദ്- വിഷു- ഈസ്റ്റർ സംഗമം നടത്തി. സീരിയൽ ചലച്ചിത്ര താരം ചന്തു ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.വി. ബഷീർ അധ്യക്ഷത വഹിച്ചു. ശശികുമാർ പാലയ്ക്കൽ മുഖ്യഭാഷണം നടത്തി. ഒറ്റപ്പെടൽ എന്ന ഭീതിതമായ ഋണാവസ്ഥയിൽ നിന്നും ഏകാന്തത എന്ന ധനാത്മക അവസ്ഥയിലേക്ക് മനുഷ്യ ജീവിതത്തെ പരിവർത്തിപ്പിക്കാനുള്ള സുഹൃദ് സംഗമങ്ങളും ആത്മീയാനുഭവങ്ങളും നാടെങ്ങും ഒരുക്കണം. വ്യക്തികളുടെ ക്രിയാത്മകമായ ഏകാന്തതയിൽ നിന്നാണ് സമൂഹത്തിൽ വികസന വഴികൾ തുറക്കപ്പെട്ട് വരുന്നത്.

വൈവിധ്യങ്ങളിൽ അകപ്പെട്ട് കിടക്കുന്ന മതാധിഷ്ഠിത വിശ്വാസപ്രമാണങ്ങളിലൂടെ നാടിന് പകർന്ന് കിട്ടുന്നത് ആത്മീയ മൂല്യങ്ങളുടെ ഏകഭാവമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി, ക്യാപ്റ്റൻ ഗോവിന്ദൻ കീഴന, ഹനീഫ കാപ്പാട്, ശോഭന അത്തോളി, ഉഷ ശശികുമാർ എന്നിവർ സംസാരിച്ചു. വത്സല, സത്യൻ, മാധവൻ, രാഘവൻ എന്നിവർ ഈദ്- വിഷു- ഈസ്റ്റർ ഗാനങ്ങൾ ആലപിച്ചു. പൂക്കാട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അകാലത്തിൽ വേർപ്പെട്ട് പോയ സഹപാഠി സുരേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. കൺവീനർ സതി വടക്കയിൽ സ്വാഗതവും രവി കൊല്ലം നന്ദിയും പറഞ്ഞു.
