KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട് സിറ്റി വക 60 ഇ – ബസ്‌ ഈ മാസമെത്തും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട് സിറ്റി വക 60 ഇ – ബസ്‌ ഈ മാസമെത്തും. സ്‌മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി തിരുവനന്തപുരം കോർപറേഷൻ കെഎസ്‌ആർടിസിക്ക്‌ വാങ്ങിനൽകുന്ന 113 ബസിൽ 60 എണ്ണം മൂന്നാഴ്‌ചയ്‌ക്കകം നഗരത്തിലെത്തും. ബാക്കി 53 ബസ്‌ അടുത്തമാസം എത്തും. 103.7 കോടി രൂപയാണ്‌ ഇലക്‌ട്രിക്‌ ബസുകൾ വാങ്ങാൻ സ്‌മാർട്‌സിറ്റി ഫണ്ട്‌ നൽകുന്നത്‌.
നിരത്തിലിറങ്ങുന്ന ഇ- ബസുകളുടെ അത്രയും ഡീസൽ ബസുകൾ പിൻവലിക്കുകയും ചെയ്യും. ഇതോടെ നഗരവായു മലിനീകരണം ഗണ്യമായി കുറയ്‌ക്കാനാകും. ‘കാർബൺ രഹിത തിരുവനന്തപുരം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പ്പാകും ഇത്‌. ബസുകളുടെ റൂട്ട്‌ കെഎസ്‌ആർടിസിയും കോർപറേഷനും ചേർന്ന്‌ നിശ്‌ചയിക്കും. ബസുകളിൽ കോർപറേഷന്റെ ലോഗോയുമുണ്ടാകും.
Advertisements
കെഎസ്‌ആർടിസി -സ്വിഫ്‌റ്റിന്‌ ഇ- ബസുകൾ നൽകുന്ന പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷൻസ്‌, ഐഷർ-വോൾവോ എന്നിവയുടെ സംയുക്ത സംരംഭം എന്നിവയിൽനിന്നാണ്‌ നിലവിൽ ബസുകൾ വാങ്ങുന്നത്‌. ടെൻഡർ നടപടികളെല്ലാം കെഎസ്‌ആർടിസി പൂർത്തിയാക്കി.  മഹാരാഷ്‌ട്ര, കർണാടക പ്ലാന്റുകളിൽ ബസുകൾ തയ്യാറായിട്ടുണ്ട്‌. തെരഞ്ഞെടുത്ത റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്‌ട്രിക്‌ എസി ബസ്‌ സർവീസ്‌ ആരംഭിക്കാനും കെഎസ്‌ആർടിസി ആലോചിക്കുന്നുണ്ട്‌.