KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി ക്ലിനിക്കിലെ മോഷണം: പ്രതികൾ പിടിയിൽ

ഉള്ള്യേരി ക്ലിനിക്കിലെ മോഷണം: പ്രതികൾ പിടിയിൽ. ആനവാതിലിലെ വീ കെയർ പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കൽ വീട്ടിൽ കിഷോർ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുൾ മാലിക്ക് (20) എന്നിവരെ അത്തോളി പൊലീസ് അറസ്റ്റു ചെയ്തു. അത്തോളി സി.ഐ പി.കെ.ജിതേഷിന്റെയും എസ്.ഐ ആർ.രാജീവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മലപ്പുറത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ഇവർ ക്ലിനിക്കിൽ മോഷണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടു പേരും മഴക്കോട്ടും ഹെൽമറ്റും ധരിച്ചിരുന്നു. ക്ലിനിക്കിന്റെ പൂട്ട് തകർത്താണ് ഇവർ അകത്ത് കയറിയത്. മേശവലിപ്പിൽ സൂക്ഷിച്ച 25,000 ത്തോളം രൂപ ഇവർ മോഷ്ടിച്ചു. വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ കിഷോർ.
മുഖം വ്യക്തമാകാതിരിക്കാൻ ഹെൽമറ്റിനൊപ്പം മാസ്കും ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. നൂറ്റി അൻപതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് അത്തോളി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖം ഉൾപ്പെടെ മറച്ചാണ് മോഷണം നടത്തിയത് എന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി.
Advertisements
മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അതേ ശരീരഭാഷയുള്ള മറ്റ് ജില്ലകളിലെ പ്രതികളുടെ ശരീരഭാഷയുമായി ഒത്ത് നോക്കുകയായിരുന്നു. കണ്ണിന്റെ പുരികം ഉൾപ്പെടെ സൂക്ഷ്മമായി പരിശോധിച്ചാണ് യഥാർത്ഥ പ്രതികളിലേക്ക് പൊലീസ് എത്തിയത്.  സി.പി.ഒ രജീഷ്, എ.സി.പി.ഒമാരായ കെ.ഷിനിൽ, പി.ടി.രതീഷ്, കെ.എം.അനീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.