KOYILANDY DIARY

The Perfect News Portal

തേക്കുമരം കടപുഴകി വീണ് വീടും വീട്ടുപകരണങ്ങളും തകർന്നു

പേരാമ്പ്ര: പേരാമ്പ്ര വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് സമീപത്തെ വീട്ടുപറമ്പിലെ തേക്ക് മരം വീടിന് മുകളിലേക്ക് കടപുഴകി വീണത്.
ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന കിടപ്പു രോഗിയും കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിനകത്ത് ഉള്ളപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ല. ഓടു മേഞ്ഞ വീടിൻ്റെ പിൻഭാഗത്തായാണ് മരം കടപുഴകി വീണത്. തേക്ക് മരം വീണ് അടുക്കളയുടെയും സമീപത്തെ മുറിയുടെയും മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിനകത്ത് അടുക്കളയിലെ പാത്രങ്ങൾ സമീപത്തെ മുറിയിലെ ഫർണിച്ചറുകൾ എന്നിവയും തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ അറിയിച്ചു.