വിചാരണ നടത്താതെ ആളുകളെ ദീർഘകാലം തടവിലിടാനുള്ള അധികാരം ഇഡിക്ക് ഇല്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിചാരണ നടത്താതെ ആളുകളെ ദീർഘകാലം തടവിലിടാനുള്ള അധികാരം ഇഡിക്ക് ഇല്ലെന്ന് സുപ്രീംകോടതി. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതി നിരീക്ഷണം. ‘കുറ്റങ്ങൾ ചുമത്താതെ 13 മാസത്തിലേറെയായി ഒരാളെ ജയിലിലിടുന്നത് ശരിയായ നടപടിയല്ല.

വിചാരണ നടത്താതെ ഇങ്ങനെ ജയിലിലിടാൻ കഴിയില്ല’–- ജസ്റ്റിസുമാരായ സഞ്‌ജീവ്‌ഖന്ന, എസ് വി എൻ ഭട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനോയ് ബാബു അറസ്റ്റിലായത്. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.

സിബിഐ കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നാൽ, ഇഡി കേസിൽ ജാമ്യം തേടിയുള്ള ഹർജി ഡൽഹി ഹൈക്കോടതി ജൂലൈയിൽ തള്ളി. ഇതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി മദ്യനയത്തിൽ വ്യവസായികൾക്ക് അനുകൂലമായ ഭേദഗതികൾ കൊണ്ടുവന്നതിന് ലഭിച്ച കോഴപ്പണം വെളുപ്പിച്ചത് ബിനോയ് ബാബു മുഖേനയാണെന്നാണ് ഇഡി ആരോപണം.

