KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് ഹയർസെക്കൻഡറി സീറ്റുകൾ കുറവെന്നുപറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതം; വി ശിവൻകുട്ടി

തിരുവനന്തപുരം: മലപ്പുറത്ത് ഹയർസെക്കൻഡറി സീറ്റുകൾ കുറവെന്നുപറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ കുറവില്ല. മുസ്ലിംലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലത്തും എസ്എസ്എൽസിയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ ലഭ്യമായിട്ടില്ല. മാർക്കിന്റെയും ഗ്രേഡിന്റെയും അടിസ്ഥാനത്തിലാണ് ഇത് ലഭിക്കുക.

ആകെ 80,250 സീറ്റ്‌ റെഗുലർ പഠനത്തിനായി മലപ്പുറം ജില്ലയിൽ ലഭ്യമാണ്. ഇതിനുപുറമെ സ്കോൾ കേരളയിലും ഐടിഐ, വിഎച്ച്‌എസ്‌ഇ, പോളിടെക്‌നിക്‌ കോളേജുകളിലും സീറ്റുണ്ട്‌. ജില്ലയ്‌ക്കുള്ളിലെ അപേക്ഷകൾ 74,805 ആണ്. പുറത്തുനിന്നുള്ളത്‌ 7,620. മുൻകാലങ്ങളിലെ പ്രവേശനത്തോത് അടിസ്ഥാനമാക്കിയാൽ ആവശ്യത്തിന് സീറ്റുണ്ട്.

 

2021–-22 അധ്യയന വർഷം 5446 സീറ്റ്‌ ഒഴിഞ്ഞുകിടന്നു. 2022–-23ൽ 4300, 2023–- – 24ൽ 4952 സീറ്റും ഒഴിഞ്ഞുകിടന്നു. പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധിയുണ്ടായാൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  ഇടപെടും. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടുന്നതിനാൽ മലപ്പുറത്തിന് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Advertisements