ഗവർണർക്ക് വധഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ
ഗവർണർക്ക് വധഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ. തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ ഇമെയിൽ സന്ദേശമയച്ചത്. തുടർന്ന് ഗവർണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സൈബർ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നാണ് ഇമെയിൽ അയച്ചത് എന്ന് കണ്ടെത്തുകയും സൈബർ വിഭാഗം ലോക്കൽ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഷംസുദ്ദീനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

