KOYILANDY DIARY.COM

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു

താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു. താമരശ്ശേരി പി സി മുക്കില്‍ താമസിച്ച് ജോലിചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശി നജ്മല്‍ ആലം (18)നെ ആണ് ബൈക്കില്‍ എത്തിയ ആള്‍ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടത്. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ബിനുവിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

രാവിലെ 9 മണിയോടെയാണ് ബുള്ളറ്റില്‍ എത്തിയ ബിനു അതിഥി തൊഴിലാളിയെ കയറ്റിക്കൊണ്ടുപോയത്. ഏറെനേരം ബൈക്കില്‍ കറങ്ങിയശേഷം താമരശ്ശേരി പള്ളിപ്പുറം ഭാഗത്തുള്ള ഫ്‌ളാറ്റില്‍ എത്തിച്ചു. ഫ്‌ളാറ്റിനുള്ളിലേക്ക് കടന്നതോടെ ആക്രമിക്കുകയും കൈ പിന്നിലേക്ക് കെട്ടി ജനലില്‍ ബന്ധിക്കുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു. മുഖം ഉള്‍പ്പെടെ മൂടിക്കെട്ടി. ഇതിനിടെ സുഹൃത്തുക്കള്‍ക്ക് വീഡിയോ കോളിലൂടെ കെട്ടിയിട്ട രംഗം കാണിച്ചുകൊടുക്കുകയും ചെയ്തു. അക്രമിയുടെ ശ്രദ്ധ മാറിയപ്പോള്‍ നജ്മല്‍ ആലം കാലുകൊണ്ട് ഏറെനേരം ശ്രമിച്ച് ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു.

 

രാത്രി പത്തുമണിയോടെ ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ ഫ്‌ളാറ്റ് വളയുകയും വിവരം പൊലീസില്‍ അറിയിക്കുകയും ആയിരുന്നു. അവശനിലയില്‍ കണ്ടെത്തിയ നജ്മല്‍ ആലമിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അക്രമിയുടെ ലക്ഷ്യം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ പ്രദീപ് അറിയിച്ചു.

Advertisements
Share news