KOYILANDY DIARY.COM

The Perfect News Portal

ലോക ചരിത്രത്തിലെ ഒരു ഇതിഹാസമായി നവകേരള സദസ്സ് മാറും; മന്ത്രി അഹമ്മദ് ദേവർകോവിൽ

ലോക ചരിത്രത്തിലെ ഒരു ഇതിഹാസമായി നവകേരള സദസ്സ് മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ചിലർക്ക് തോന്നൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ അവരിൽ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സദസ്സിൽ യുഡിഎഫ് എംഎൽഎമാർ പങ്കെടുക്കണമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

നവകേരള സദസ്സ് പോലെയൊരു പരിപാടി ഇതിനുമുമ്പ് കേരളത്തിലോ ഇന്ത്യയിലോ ലോകത്തോട് ഉണ്ടായിട്ടില്ല. 140 നിയോജക മണ്ഡലത്തിലെ ജനങ്ങൾ വരവേൽപ്പോടെ കാത്തിരിക്കുന്നു. നവകേരള സദസ്സിന് ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ല. സർക്കാർ പരിപാടി ആയതിനാൽ എല്ലാ വിഭാഗം ആളുകളും സഹകരിക്കും. ചിലയാളുകൾക്ക് പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ ഇടക്കാലത്ത് തോന്നൽ ഉണ്ടായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ അവരിലും മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി.

 

പരിപാടിയിൽ പങ്കെടുക്കാൻ സ്വന്തം അണികളിൽ നിന്നും സമ്മർദ്ദം ഉള്ളതായി പ്രതിപക്ഷ അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് എംഎൽഎമാർ. സ്വന്തം നിയോജകമണ്ഡലത്തിൽ നടക്കുന്ന പരിപാടികൾ എംഎൽഎമാരാണ് മുന്നിൽ നിന്നും നയിക്കാറുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മണ്ഡലത്തിലെത്തുമ്പോൾ മാന്യത അനുസരിച്ച് ഇവരെ സ്വീകരിക്കേണ്ട ചുമതല എംഎൽഎമാർക്കാണെന്നും അഹമ്മദ് ദേവർകോവിൽ.

Advertisements

 

മണ്ഡലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനുള്ള എംഎൽഎമാർക്കുള്ള അവസരം കൂടിയാണിത്. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഈ അവസരമാണ് എംഎൽഎമാർ നഷ്ടപ്പെടുത്തുന്നത്. നവകേരള സദസ്സിലേക്ക് പൗരപ്രമുഖരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിപക്ഷത്തിൻ്റെ ‘പൗരപ്രമുഖർ’ എന്ന പ്രയോഗം തന്നെ തെറ്റാണ്. നവകേരള സദസ്സിലേക്ക് ക്ഷണിച്ചിട്ടുള്ളത് പൗരപ്രമുഖരെ അല്ല, സാധാരണ ജനങ്ങളെയാണ്. മുഖ്യമന്ത്രിക്ക് എല്ലാവരുടെയും പരാതി നേരിട്ട് കേൾക്കാൻ പ്രായോഗികമായി കഴിയില്ല. അതുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നത്. സ്വാഭാവികമായും പൗരപ്രമുഖർ ഉണ്ടാകും. കഴിഞ്ഞ രണ്ടര വർഷത്തെ സർക്കാരിൻറെ പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പരിപാടിയായി നവകേരള സദസ് മാറുമെന്നും മന്ത്രി പറഞ്ഞു.

Share news