KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. തൃശൂർ സ്വദേശിയായ യുവാവ് സോഷ്യല്‍മീഡിയ വഴി പരിചയപ്പെടുകയായിരുന്നു.
യുവാവ് വാടകയ്‌ക്ക് താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വെച്ചായിരുന്നു പീഡനം നടന്നത്. ഹില്‍പാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിനാൽ കേസ് അവിടേയ്ക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്ത് പ്രതി മുങ്ങിയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മെയ് മൂന്നാം തീയതിയാണ് യുവതി ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വിജനമായ അടുത്ത പറമ്പിലേക്ക് എറിയുമ്പോൾ താഴെ റോഡിലേക്ക് വീഴുകയായിരുന്നു. യുവതിയെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. അണുബാധയെ തുടർന്ന് യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
Share news