KOYILANDY DIARY

The Perfect News Portal

വനംവകുപ്പിന്റെ ചികിത്സ ഫലിച്ചു; കാട്ടിലെ ചേരിപ്പോരിൽ പരിക്കേറ്റ ആനയുടെ മുറിവുണങ്ങി

കൊല്ലം: വനംവകുപ്പിന്റെ ചികിത്സ ഫലിച്ചു. കാട്ടിലെ ചേരിപ്പോരിൽ പരിക്കേറ്റ ആനയുടെ മുറിവുണങ്ങി. കരുത്ത്‌ വീണ്ടെടുത്ത ആന ഉൾക്കാട്ടിലേക്ക്‌ മടങ്ങി. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഏത്തപ്പഴത്തിനുള്ളിലാക്കി പൈനാപ്പിളിനൊപ്പം നൽകിയാണ്‌ ആനയെ ചികിത്സിച്ചത്‌. മുറിവുണങ്ങാനും അണുബാധ തടയാനും ദിവസം രണ്ടുനേരം 17 ഗുളികവീതമാണ്‌ നൽകിയത്‌. രോഗം ഭേദമായതോടെ  തിങ്കളാഴ്ച രാത്രിയോടെ ആന ഉൾവനത്തിലേക്ക്‌ കയറിയതായി അമ്പനാർ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ അജയകുമാർ പറഞ്ഞു.

15 വയസ്സുള്ള ആനയെ 23ന്‌ കറവൂർ കീഴയം ഭാഗത്ത്‌ ചതുപ്പിലാണ്‌ അവശനിലയിൽ കണ്ടെത്തിയത്‌. ചേരിപ്പോരിനിടെ മറ്റൊരു ആനയുടെ കുത്തേറ്റതിൽ മുൻവശത്തെ ഇടതുകാലിന്‌ മുകളിൽ തോൾഭാഗത്ത്‌ വലിയ മുറിവും ചെവിയിൽ ചെറിയ മുറിവുമാണ്‌ ഉണ്ടായിരുന്നത്‌. വനം അധികൃതർ ഇതിനെ കണ്ടെത്തുമ്പോൾ മുറിവേറ്റ ഭാഗം ചെളി വാരിപൊതിഞ്ഞ നിലയിലായിരുന്നു. ഭക്ഷണം എടുക്കാൻപോലും കഴിയാത്തവിധം അവശനിലയിലായിരുന്നു കൊമ്പൻ.

 

അച്ചൻകോവിൽ റോഡിൽ പറങ്കിമാവിൻ തോട്ടത്തിൽ തമ്പടിച്ച ആന പിന്നീട്‌ വനാതിർത്തിയിലേക്ക് നീങ്ങി. ചാണപ്പാറ ഭാഗത്ത്‌ അരുവിയിൽ നിലയുറപ്പിച്ചു. മരുന്ന്‌ നൽകി മൂന്നാംദിവസം ആഹാരം നന്നായി കഴിക്കാൻ തുടങ്ങി. നിലവിൽ മറ്റു ആനകളുടെ സാന്നിധ്യം മേഖലയിലില്ല. പുനലൂർ ഡിഎഫ്‌ഒ എസ്‌ ജയശങ്കർ, പത്തനാപുരം റേഞ്ച്‌ ഓഫീസർ എ ബാബുരാജ പ്രസാദ്‌, ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ എം അജയകുമാർ, എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം. വനംവകുപ്പ്‌ വെറ്ററിനറി ഡോക്ടർ ബി ജി സിബി ചികിത്സക്ക്‌ നേതൃത്വം നൽകി.

Advertisements