KOYILANDY DIARY

The Perfect News Portal

വയനാട്‌–- കണ്ണൂർ അതിർത്തി വനമേഖലയിൽ തണ്ടർബോൾട്ട്‌ സേനയ്‌ക്കുനേരെ വെടിയുതിർത്ത്‌ മാവോയിസ്‌റ്റുകൾ

മാനന്തവാടി: വയനാട്‌–- കണ്ണൂർ അതിർത്തി വനമേഖലയിൽ തണ്ടർബോൾട്ട്‌ സേനയ്‌ക്കുനേരെ വെടിയുതിർത്ത്‌ മാവോയിസ്‌റ്റുകൾ. ചൊവ്വാഴ്ച രാവിലെ പത്തോടെ തേൻകുന്ന് വനത്തിലായിരുന്നു വെടിവയ്‌പ്‌. കണ്ണൂർ ജില്ലയിലെ പാൽച്ചുരത്തോട് ചേർന്ന ഭാഗമാണിത്‌. വനത്തിനുള്ളിൽ പരിശോധന നടത്തുകയായിരുന്ന ഏഴംഗ സംഘത്തിനുനേരെയാണ്‌ വെടിയുതിർത്തത്‌. തിരിച്ച്‌ വെടിവെച്ചതോടെ മാവോയിസ്‌റ്റുകൾ ഉൾക്കാട്ടിലേക്ക്‌ വലിഞ്ഞു.

സേനാംഗങ്ങൾക്ക്‌ പരിക്കില്ല. മാവോയിസ്‌റ്റുകൾക്ക്‌ പരിക്കുണ്ടോയെന്ന്‌ പരിശോധിച്ച്‌ വരികയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ കമ്പമലയിലുള്ള കെഎഫ്ഡിസി തേയിലത്തോട്ടത്തിൽനിന്ന്‌ മൂന്ന്‌ കിലോമീറ്ററോളം അകലെയായിരുന്നു വെടിവെയ്‌പ്‌. ഒമ്പത്‌ തവണ വെടിയൊച്ച കേട്ടതായി തോട്ടത്തിലെ റിസോർട്ട്‌  ജീവനക്കാർ പറഞ്ഞു.

 

24ന്‌ കമ്പമലയിലെത്തിയ ആയുധധാരികളായ നാലംഗ മാവോയിസ്‌റ്റ്‌ സംഘം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ തൊഴിലാളികളോട്‌ ആഹ്വാനം ചെയ്‌തിരുന്നു. ഇത്‌ തള്ളി തൊഴിലാളികൾ വോട്ട്‌ ചെയ്‌തു. സെപ്‌തംബറിൽ എസ്‌റ്റേറ്റ്‌ ഓഫീസ്‌ മാവോയിസ്‌റ്റുകൾ ആക്രമിച്ചിരുന്നു. പിന്നീട്‌ പൊലീസിന്റെ നിരീക്ഷണ കാമറയും തകർത്തു. മാനന്തവാടി ഡിവൈഎസ്‌പി പി ബിജു രാജിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസും തണ്ടർബോൾട്ടും കമ്പമല എസ്‌റ്റേറ്റിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. 

Advertisements