KOYILANDY DIARY

The Perfect News Portal

പിതാവിനെ കൊലപ്പെടുത്തിയ ആയുർവേദ ഡോക്ടർ മയൂർനാഥിന്റെ മരണം വിശദമായി അന്വേഷിക്കാൻ കേരളാ പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുർവേദ ഡോക്ടർ മയൂർനാഥിന്റെ മരണം വിശദമായി അന്വേഷിക്കാൻ കേരളാ പൊലീസ്. കേസിൽ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂർനാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂർനാഥിനെ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപസ്മാരം വന്നു മരിച്ചു എന്നാണ് പോലീസിനെ ലഭിച്ച വിവരം. മരണത്തിൽ ദുരൂഹത ഉണ്ടോയെന്നടക്കമാണ് പൊലീസ് അന്വേഷിക്കുക.

ജാമ്യത്തിൽ ഇറങ്ങിയശേഷം മയൂർനാഥ് താമസിച്ച തൃപ്പൂണിത്തറയിലെ ബന്ധുവീട്ടിലും, ജോലിയെടുത്ത തൃശൂരിലെ സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തും. ആരുടെ സഹായത്തോടെയാണ് നേപ്പാളിലേക്ക് പോയത് എന്നടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയാണ്. കേരളത്തിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാണ് നേപ്പാളിൽ തന്നെ മയൂർനാഥിന്റെ മൃതദേഹം സംസ്‌കരിച്ചത്.

 

കഴിഞ്ഞവർഷം ഏപ്രിലാണ് പിതാവിന് കടലക്കറിയിൽ വിഷം കലർത്തി മയൂർനാഥ് കൊലപ്പെടുത്തിയത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇതേത്തുടർന്ന് ശശീന്ദ്രൻ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂർനാഥ് മാത്രം കഴിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.

Advertisements

 

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്. 25 വയസുകാരനായ മയൂർനാഥ് ആയുർവേദ ഡോക്ടറുമാണ്. തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ അച്ഛനാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെന്നും കാലങ്ങളായി താൻ ഈ പക ഉള്ളിൽ പേറുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പിതാവിനോട് മാത്രമായിരുന്നു തന്റെ പക. രണ്ടാനമ്മയോട് സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.

 

സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തർക്കങ്ങൾ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാൾ അച്ഛനും രണ്ടാനമ്മയ്ക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാസവസ്തുക്കൾ ഓൺലൈനായി വാങ്ങി അവ കൂട്ടിക്കലർത്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ഏറെ നാളത്തെ ആലോചനകൾക്കൊടുവിലാണ് അച്ഛനെ കൊലപ്പെടുത്താനുള്ള രാസക്കൂട്ട് തയാറാക്കിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. പിന്നീട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മയൂർനാഥിനെ കാണാതാവുകയായിരുന്നു.