കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്ന് വികസന സമിതി ആവശ്യപ്പപെട്ടു

ചേമഞ്ചേരി: കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി ആവശ്യപ്പെട്ടു. ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ സൊസൈറ്റി ദിനാചരണയോഗത്തിലാണ് ഇത് സംബന്ധിച്ച് ആവശ്യം ഉയർന്നത്. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു.

വിദേശത്തും സ്വദേശത്തുമുള്ള നുറു കണക്കിന് ആളുകൾ ദിനം പ്രതി സന്ദർശിക്കുന്ന ബ്ലു ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇന്റർനെറ്റ് സൗകര്യം തീരെ ലഭ്യമല്ല. ജനപ്രതിനിധി കളുടെ വികസന ഫണ്ട്ഉപയോഗിച്ചോ ത്രിതല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയോ സർക്കാർ കമ്പനികളുടെ സി എസ്സ് ആർ ഫണ്ട് ലഭ്യ മാക്കിയോ പ്രൊജക്റ്റ് നടപ്പാക്കണം.

ഇന്റർനെറ്റും പുതിയ സാങ്കേതിക വിദ്യയും വരുത്തിയ മാറ്റങ്ങൾ എന്ന വിഷയം ഡോ. അബു ബക്കർ കാപ്പാട് അവതരിപ്പിച്ചു. കാപ്പാട് ബീച്ചിലെ വൈ ഫൈ സേവനവും സാധ്യതയും പരിഹാരവും എന്ന വിഷയം കോഴിക്കോട് ടെലികോം ഡെപ്യുട്ടി ജനറൽ മാനേജർ എംഎ ഗഫൂർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പർ റസീന ഷാഫി, കോഴിക്കോട് ടെലികോം സബ് ഡിവിഷണൽ എഞ്ചിനീയർ എൻ കെ. സുമൽ, ബീച്ച് ബ്ലു ഫ്ലാഗ് മാനേജർ ഗിരീഷ്, വിനോദ് കാപ്പാട്, നാസർ കാപ്പാട് സംസാരിച്ചു. ബ്ലോക്ക് മെമ്പർ എംപി. മൊയ്തീൻ കോയ സ്വാഗതവും കൺവീനർ വി കെ റാഫി നന്ദിയും പറഞ്ഞു.
