KOYILANDY DIARY

The Perfect News Portal

കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന 10 ലക്ഷം ടൺ ഭക്ഷ്യ ധാന്യം കേന്ദ്രം വെട്ടിക്കുറച്ചു

കോഴിക്കോട്‌: കേരളത്തിന്‌ കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യത്തിൽ 10 ലക്ഷം ടൺ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ. റേഷൻ വിഹിതമായി വർഷം 24 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചത്‌ 14.25 ലക്ഷം ടണ്ണായാണ്‌ കുറച്ചത്‌. മൊത്തം കാർഡുടമകളിൽ 43 ശതമാനത്തിനുള്ള ഭക്ഷ്യധാന്യം മാത്രമാണ്‌ നിലവിൽ ലഭിക്കുന്നത്‌. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിൽ 11 വർഷമായി കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറക്കുകയാണ്‌.

ഭക്ഷ്യസുരക്ഷാനിയമം വരുന്നതിനുമുമ്പ്‌ ആളോഹരി ഭക്ഷ്യധാന്യമായി കേരളത്തിന്‌ മാസം 1,65,000 ടൺ അരിയും 35,000 ടൺ ഗോതമ്പും ലഭിച്ചിരുന്നു. ഓണം, റംസാൻ തുടങ്ങിയ ഉത്സവകാലത്ത്‌ രണ്ടുലക്ഷം ടൺ അധിക ധാന്യവും അനുവദിച്ചിരുന്നു. 2013ൽ ഭക്ഷ്യസുരക്ഷാ നിയമം മറയാക്കിയാണ്‌ അന്നത്തെ യുപിഎ സർക്കാർ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത്‌. ബിജെപി സർക്കാരും ഇത്‌ തുടർന്നു.  അധിക വിഹിതമായി ലഭിച്ച രണ്ടുലക്ഷം ടൺ ഒന്നാം മോദി സർക്കാർ തുടക്കത്തിലേ ഒഴിവാക്കി. കാർഡുടമകളുടെ എണ്ണം 2013ലെ 78 ലക്ഷത്തിൽ നിന്ന്‌ 94 ലക്ഷമായി ഉയർന്നപ്പോഴാണ്‌ ഈ കുറവ്‌. 

Advertisements

ബിജെപി സർക്കാർ മണ്ണെണ്ണയും പഞ്ചസാരയും പൂർണമായും നിർത്തലാക്കി. വീട്‌ വൈദ്യുതീകരിക്കാത്ത കാർഡുടമകൾക്ക്‌ നേരത്തെ മാസം അഞ്ച്‌ ലിറ്ററും മറ്റുള്ളവർക്ക്‌ രണ്ട്‌ ലിറ്ററും മണ്ണെണ്ണ ലഭിച്ചിരുന്നു. നിലവിൽ എഎവൈ കാർഡുകൾക്ക്‌ മാത്രം മൂന്നുമാസം കൂടുമ്പോൾ അര ലിറ്റർ മണ്ണെണ്ണ ലഭിക്കും. അതും ഉറപ്പില്ല. നേരത്തെ ഒരംഗത്തിന്‌ അരക്കിലോ  പഞ്ചസാര ലഭിച്ചിരുന്നത്‌ പൂർണമായി നിർത്തി. നിലവിൽ എഎവൈ കാർഡിന്‌ മാസം മൂന്ന്‌ കിലോയും ബിപിഎൽ കാർഡിന്‌ ഒരു കിലോ  ഗോതമ്പ്‌/ ആട്ട മാത്രമാണ്‌ ലഭിക്കുന്നത്‌. മുൻഗണനേതര വിഭാഗത്തിനുള്ള ഗോതമ്പ്‌ പൂർണമായി നിർത്തി. 

Advertisements

റേഷൻ കാർഡ്‌ മസ്‌റ്ററിങ്‌ പൂർത്തിയാകുമ്പോൾ കേരളത്തിനുള്ള വിഹിതം ഇനിയും കുറയും. ജോലിക്കും പഠനാവശ്യങ്ങൾക്കുമായി കേരളത്തിന്‌ പുറത്തുള്ളവർക്ക്‌ മസ്‌റ്ററിങ് പൂർത്തിയാക്കാനാവില്ല. ഇവരുടെ വിഹിതം കൂടി കേന്ദ്ര സർക്കാർ ഒഴിവാക്കും.