KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ ദിവസങ്ങൾക്കിടെ തുടർച്ചയായി മാതൃകാ പെരുമാറ്റ ചട്ടലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ പദ്ധതികൾ പരാമർശിച്ച്‌ സർക്കാർ സംവിധാനം ഉപയോഗിച്ച്‌ പൗരർക്ക്‌ കൂട്ട വാട്‌സാപ് സന്ദേശമയച്ചും ആന്ധ്ര, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ പ്രചാരണയോഗങ്ങൾക്കെത്താൻ വായുസേന ഹെലികോപ്‌റ്റർ ഉപയോഗിച്ചുമാണ്‌ മോദി ചട്ടലംഘനങ്ങൾ നടത്തിയത്‌. മൈബൈൽ ഫോൺ റീച്ചാർജ് ചെയ്യാൻ മോഡിയുടെ പടം വെച്ച് പ്രത്യേക ഓഫർ ചെയ്ത് വാട്സാപ്പിൽ സന്ദേശം പ്രചരിപ്പിക്കുന്നതും ഗുരുതര ചട്ട ലംഘനമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടിലുള്ള മോദിയുടെ കത്ത്‌ വാട്‌സാപ്പിൽ ലക്ഷങ്ങൾക്ക്‌ അയച്ചത്‌. പെരുമാറ്റ ചട്ടലംഘനം പൗരന്മാർക്ക്‌ അറിയിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ സജ്ജമാക്കിയ സി–വിജിൽ ആപ്പിലൂടെ ചണ്ഡീഗഢ് സ്വദേശിയാണ്‌ പരാതി നൽകിയത്‌. ഇദ്ദേഹത്തിനും കത്ത്‌ ലഭിച്ചിരുന്നു. പ്രഥമദൃഷ്‌ട്യാ മോദിയുടേത്‌ പെരുമാറ്റ ചട്ടലംഘനമാണെന്ന്‌ ചണ്ഡീഗഢ് റിട്ടേണിങ്‌ ഓഫീസർ വിനയ്‌ പ്രതാപ്‌ സിങ്‌ സ്ഥിരീകരിച്ചു. ചണ്ഡീഗഢിലെ ജില്ലാ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്‌ മോണിറ്ററിങ്‌ കമ്മിറ്റിയാണ്‌ പരാതി പരിശോധിച്ചത്‌. തന്റെ അധികാരപരിധിയിൽ കവിഞ്ഞ വിഷയമായതിനാൽ അവശ്യമായ നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Advertisements

അതേസമയം, മോദിയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെയുള്ള പരാതികളിൽ കമീഷൻ ഇത്തരം നടപടി സ്വീകരിച്ച ചരിത്രമില്ല. വിഷയത്തിൽ തൃണമൂൽ കോൺഗ്രസും കമീഷന്‌ പരാതി നൽകി. പെരുമാറ്റച്ചട്ടത്തിൽ സർക്കാർ പരസ്യങ്ങൾ രാഷ്‌ട്രീയ ചായ്‌വോടെ പാടില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ പാർടി വക്താവ്‌ ഡെറിക്‌ ഒബ്രിയാൻ പരാതിയിൽ പറഞ്ഞു. വിദേശത്തുള്ള പൗരർക്കടക്കം കൂട്ടസന്ദേശമെത്തിയത്‌ വ്യക്തിവിവര സുരക്ഷാപ്രശ്‌നവും ഉയർന്നിരുന്നു. എൻഡിഎ പ്രചാരണ യോഗങ്ങൾക്ക്‌ എത്താൻ വായുസേന ഹെലികോപ്‌റ്റർ ഉപയോഗിച്ചതിനെതിരെ കോൺഗ്രസും തൃണമൂലുമാണ്‌ കമീഷനെ സമീപിച്ചത്‌. തമിഴ്‌നാട്ടിലെ സേലം, ആന്ധ്രയിലെ പൽനാടു എന്നിവിടങ്ങളിലാണ്‌ സേനാ കോപ്‌റ്ററിൽ മോദി എത്തിയത്‌.

Advertisements