കൊച്ചിയിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ പ്രസവിച്ചയുടൻ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. എറണാകുളം സൗത്ത് പൊലീസും കൊച്ചി കോർപറേഷനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് പൊലീസാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ശ്മശാനത്തിൽ കുറച്ചു സമയം പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമീപവാസികളും പൊലീസുദ്യോഗസ്ഥരും അന്ത്യാഞ്ജലി അർപ്പിച്ചു. കളിപ്പാട്ടവും പൂക്കളും മൃതദേഹത്തിനു മുകളിൽ വെച്ചിരുന്നു.

കേസിൽ പ്രതിയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 18 വരെ യുവതിയെ റിമാൻഡ് ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് അന്വേഷകസംഘം യുവതിയുടെ വിശദമൊഴിയെടുക്കും. ഡിഎൻഎ പരിശോധന നടത്താൻ യുവതിയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിൻറെ രക്തസാമ്പിൾ ശേഖരിച്ചത് ഡിഎൻഎ പരിശോധനക്ക് അയച്ചിട്ടുണ്ട്.

പനമ്പിള്ളിനഗറിൽ കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു ദാരുണ സംഭവം നടന്നത്. രാവിലെ 8.15ഓടെയാണ് ഫ്ലാറ്റിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പ്രസവിച്ച് മൂന്നു മണിക്കൂറിനകം ബാൽക്കണിയിൽനിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നത്. പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിന്റെ അഞ്ചാംനിലയിൽനിന്ന് വലിച്ചെറിയുകയയിരുന്നു. ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന്റെ പ്ലാസ്‌റ്റിക്ക് കവറിൽ പൊതിഞ്ഞാണ് മൃതദേഹം വലിച്ചെറിഞ്ഞത്.

