KOYILANDY DIARY.COM

The Perfect News Portal

ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂർ വിമാനത്താവളം വഴി വേങ്ങരയിലെ പണി പൂർത്തിയാകാനിരുന്ന വീട്ടിലെത്തിച്ചത്. സംസ്‌കാരം തറവാട്ടു വളപ്പിൽ നടക്കും.

ദുബായ് ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങ്ങിലായിരുന്നു തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൻ്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണത്തിന് കാരണമായത്.

രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്‍പത് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തു. മരിച്ച റിജേഷ് ദുബായില്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസൻ്റ് സ്‍കൂള്‍ അധ്യാപികയും. മരിച്ച 16 പേരില്‍ 12 പേരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാന്‍ പൗരന്മാരെയും, മൂന്ന് പാകിസ്ഥാന്‍ പൗരന്മാരെയും ഒരു കാമറൂണ്‍ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്.

Advertisements
Share news