KOYILANDY DIARY

The Perfect News Portal

താലൂക്ക് ആശുപത്രിയിൽ ഒ. പി ടിക്കറ്റ് തീർന്നു. രോഗികൾ ദുരിതത്തിലായി

താലൂക്ക് ആശുപത്രിയിൽ ഒ. പി ടിക്കറ്റ് തീർന്നു. രോഗികൾ ദുരിതത്തിലായി. കൊയിലാണ്ടി: ജില്ലയിൽ ഏറ്റവും കുടുതൽ രോഗികളെത്തുന്ന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. ദിവസവും 2000 ത്തിനും 2500 നുമിടയിൽ രോഗികളാണിവിടെ എത്തുന്നത്. ഒ. പി ടിക്കറ്റ് കിട്ടാതായതോടെ ആശുപത്രിയുടെ മുന്നിൽ രോഗികളുടെ ബഹളമായിരുന്നു. ആശുപത്രി നടത്തിപ്പിലെ അധികൃതരുടെ തികഞ്ഞ അനാസ്ഥയാണിതിന് കാരണമെന്ന് കൂടി നിന്നവർ പരാതിപ്പെട്ടു.

സ്വകാര്യ ലാബുകൾ അടിച്ചു കൊടുക്കുന്ന നീല നിറത്തിലുള്ള ടിക്കറ്റ് മൊത്തമായി അടിച്ച് വെയ്ക്കലായിരുന്നു പതിവ്. കോറോണയ്ക്ക് മുമ്പ് അടിച്ച് വെച്ച ടിക്കറ്റാണ് സ്റ്റോക്കുണ്ടായിരുന്നത്. തീരുന്ന മുറയ്ക്ക് വീണ്ടും എത്തിക്കാറുണ്ടായിരുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത ടിക്കറ്റാണ് കൊടുക്കാറ്. ടിക്കറ്റ് തീരുന്ന വിവരം നേരത്തെ തന്നെ ഓഫീസിൽ അറിയിച്ചിരുന്നെന്നും എന്നാൽ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ഒ. പി ടിക്കറ്റ് തീർന്നതോടെ നിപ കാലത്ത് ഉണ്ടായിരുന്ന പച്ച നിറത്തിലുള്ള ടിക്കറ്റും,  ചുവപ്പ് നിറത്തിലുള്ള കാഷ്വാലിറ്റി ടിക്കറ്റുമാണ് അധികൃതർ കൊടുത്തത്. ഒരു ആശുപത്രിയിൽ ഒ. പി. ടിക്കറ്റ് തീരുന്ന സംഭവം ആദ്യമായിട്ടായിരിക്കുമെന്നും ആശുപത്രിയുടെ ദൈനം ദിന കാര്യങ്ങളിൽ തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ് ആശുപത്രി അധികൃതർ കാണിക്കുന്നതെന്നതിന് വ്യക്തമായ ഉദാഹരമാണ് ഇന്ന് ആശുപത്രിയിൽ സംഭവിച്ചതെന്നും വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്.

Advertisements